തൃശൂര്‍: തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ. ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നത്. ഇതോടെ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ ബോര്‍ഡ് പ്രാതിനിധ്യമുള്ള സംയുക്ത പ്രൊമോട്ടറായി കണക്കാക്കുമെന്ന് എക്സ്ചേഞ്ച് ഫയലിങ്ങില്‍ മണപ്പുറം ഫിനാന്‍സ് വ്യക്തമാക്കി. മണപ്പുറം ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു അംഗത്തെ നിയമിക്കാനുള്ള അവകാശം ഈ ഓഹരികൈമാറ്റത്തിലൂടെ ബെയിനിന് ലഭിക്കും.
18 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ പ്രമോട്ടര്‍മാരായ വിപി നന്ദകുമാറിന്റെയും കുടുംബത്തിന്റെയും ഓഹരി പങ്കാളിത്തം 30 ശതമാനത്തില്‍ താഴെയായി. അമേരിക്കന്‍ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികള്‍ വാങ്ങിയതായി ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില വെള്ളിയാഴ്ച മാത്രം 7.7 ശതമാനമാണ് കുതിച്ചത്. ഏകദേശം 16 രൂപ 60 പൈസയോളം കയറി ഓഹരി വില 234 രൂപ 40 പൈസയായി.
ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ ഓഹരികള്‍ വാങ്ങും എന്ന അഭ്യൂഹം ഉയര്‍ന്നതോടെ മണപ്പുറം ഫിനാന്‍സിന്റെ ഓഹരിവില കുതിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ 14 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഏകദേശം 26 രൂപ 50 പൈസയോളമാണ് ഓഹരി വില കുതിച്ചത്.
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയ കമ്പനിയായ മണപ്പുറം ഫിനാന്‍സിന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില കൂടിയതോടെ കൂടുതല്‍ തിളക്കം നേടിയിരിക്കുന്നു. ഇന്ത്യയില്‍ മുഖ്യധാരാബാങ്കുകള്‍ കൈവെയ്ക്കാനിഷ്ടപ്പെടാത്ത സ്വര്‍ണ്ണപ്പണയമേഖലയിലേക്ക് ആധികാരികമായി കടന്നുവന്ന് ആധിപത്യം ഉറപ്പിച്ചു എന്നതാണ് നന്ദകുമാറിന്റെ വിജയം.
ഓഹരി വാങ്ങലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനി ബെയ്ന്‍ ക്യാപിറ്റലും മണപ്പുറം ഫിനാന്‍സും കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. കരാര്‍ അനുസരിച്ച് മണപ്പുറം ഫിനാന്‍സിന്റെ 18 ശതമാനം ഓഹരികളാണ് ബെയിന്‍ ക്യാപിറ്റലിന് കൈമാറുക. ഇതുവഴി 4,385 കോടി രൂപയുടെ ഇടപാടാണ് നടക്കുക.
വൈകാതെ ഇപ്പോള്‍ സ്വന്തമാക്കുന്ന 18 ശതമാനം ഓഹരികള്‍ക്ക് പുറമേ മറ്റൊരു 26 ശതമാനം ഓഹരികള്‍ കൂടി ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങുമെന്നറിയുന്നു. ഇത് ഓപ്പണ്‍ ഓഫറിലൂടെയാണ് വാങ്ങുക. ഇതിലും പ്രൊമോട്ടര്‍മാരായ നന്ദകുമാറിന്റെ കുടുംബത്തിന്റെ ഓഹരികളില്‍ ഒരു പങ്ക് വില്‍ക്കും.
4,385 കോടി രൂപയുടെ ഇടപാട് പൂര്‍ത്തിയാകുന്നതോടെ, കമ്പനിയുടെ 18 ശതമാനം മൂല്യമുള്ള ഓഹരികളും വാറണ്ടുകളും ബെയിന്‍ ക്യാപിറ്റല്‍ ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: