തിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ആധുനിക സാങ്കേതിക വിദ്യകളില്‍ സംയുക്തമായ പരിശീലന പരിപാടികള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നൈലിറ്റ് കാലിക്കറ്റുമായി കേരള സര്‍ക്കാര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ധാരണാപത്രം ഒപ്പുവെച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ഷാലിജും നൈലിറ്റ് കാലിക്കറ്റ് ഡയറക്ടര്‍ ഡോ.പ്രതാപ് കുമാറുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. സഹകരണത്തിന്റെ ഭാഗമായി പോളിടെക്നിക്ക് കോളേജുകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കട്ടിങ്ങ് എഡ്ജ് സാങ്കേതിക വിദ്യകളില്‍ പ്രായോഗിക പരിശീലനം, ഗവേഷണ സാധ്യതകള്‍, ഇന്‍ഡസ്ട്രി- അക്കാഡമിയ സഹകരണ പദ്ധതികള്‍ എന്നിവ നൈലിറ്റ് കാലിക്കറ്റ് ലഭ്യമാക്കും. കൂടാതെ നവീന കോഴ്സുകളുടെ വികസനം, സമകാലിക സാങ്കേതിക വിദ്യകളില്‍ പരിശീലനം, ഉന്നത നിലവാരമുള്ള പ്രോജക്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ പ്രയോജനം കൂടി ഈ ധാരണാപത്രം വഴി ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: