കോഴിക്കോട്: സര്‍വാത്മവാദമാണ് ഭാരതീയ ദര്‍ശനമെന്നും മാനവികത മാത്രമല്ല, സകല ജീവജാലങ്ങളോടുമുള്ള അനുകമ്പയാണ് അതെന്നും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ. ആര്‍സു. തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജ്ഞാനപീഠം സമിതിയുടെ നിര്‍ദേശമനുസരിച്ച് മഹാകവി അക്കിത്തത്തിന്റെ കവിതകളെ കുറിച്ച് ചില കാര്യങ്ങള്‍ എഴുതിക്കൊടുക്കേണ്ടി വന്നപ്പോഴാണ് അക്കിത്തം കവിതകളുടെ മാഹാത്മ്യം അറിഞ്ഞത്. വി.ടി. ഭട്ടതിരിപ്പാടില്‍ നിന്ന് സാമൂഹ്യവീക്ഷണവും ഇടശ്ശേരിയുടെ മാര്‍ഗദര്‍ശിത്വവും അക്കിത്തത്തിന് ലഭിച്ചു. കമ്മ്യൂണിസത്തില്‍ നിന്ന് ഹ്യൂമണിസത്തിലേക്ക് വളരെ മുമ്പ് തന്നെ എത്തിച്ചേര്‍ന്ന കവിയാണദ്ദേഹം. ഇരുപത്തിയഞ്ചാം വയസിലാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം അദ്ദേഹം എഴുതിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ കവിത പ്രസക്തമാണ്.
ഇദം ന മമഃ എന്ന വാക്യത്തിന്റെ കാവ്യാത്മാകാവിഷ്കാരമാണ് പണ്ടത്തെ മേല്‍ശാന്തി എന്ന കവിതയിലെ ‘എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍…’ എന്നു തുടങ്ങുന്ന വരികള്‍. അക്കിത്തത്തിന്റെ എല്ലാ കവിതകള്‍ക്കും ദാര്‍ശനിക ദീപ്തിയുണ്ട്. അവ കാലാതിവര്‍ത്തിയാണ്. അക്കിത്തം കവിതകള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ തനിക്ക് സാധിച്ചത് മഹാഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി നടന്ന കാവ്യാര്‍ച്ചന കവി പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ എം. ശ്രീഹര്ഷന്, ഡോ. ഗോപി പുതുക്കോട് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന് സ്വാഗതവും രജനി സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: