ആലുവ : കേരളത്തില്‍ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആലുവ കേശവ സ്മൃതിയില്‍ ചേര്‍ന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയും സാമൂഹ്യ ജീവിതത്തെയും തകര്‍ക്കുന്ന വിധത്തിലുള്ളതാണ് ലഹരി മാഫിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍. ഇതിനെതിരായ സര്‍ക്കാര്‍ നടപടികള്‍ തീര്‍ത്തും അപര്യാപ്തമാണ്. ലഹരി വിറ്റ് ജീവിക്കുന്ന ഒരു സര്‍ക്കാര്‍ ആണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. 2016ലുണ്ടായിരുന്നത് 30 ബാറുകള്‍. ഇപ്പോള്‍ 900ത്തോളം ബാറുകളുണ്ട്. യഥേഷ്ടം മദ്യം ഒഴുക്കുന്നു. കഞ്ചാവ്, രാസ ലഹരികള്‍, സിന്തറ്റിക് ലഹരികള്‍ എന്നിങ്ങനെ എല്ലാ ലഹരി ഉല്‍പ്പന്നങ്ങളും ലഭിക്കുന്ന ഹബ്ബായി കേരളം മാറി കഴിഞ്ഞിരിക്കുന്നു.
രണ്ടു മാസത്തിനുള്ളില്‍ കേരളത്തില്‍ നടന്ന 63 കൊലപാതകങ്ങളില്‍ ഭൂരിഭാഗവും ലഹരിക്കടിമകളയാവര്‍ സ്വന്തം കുടുംബങ്ങളെയോ സുഹൃത്തുക്കളെയോ മൃഗീയമായി കൊലപ്പെടുത്തിയ സംഭവങ്ങളാണ്. 1500 പ്രദേശങ്ങള്‍ ലഹരിയുമായി ബന്ധപ്പെട്ട ബ്ലാക്ക് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലായി കോടിക്കണക്കിനു രൂപയുടെ കച്ചവടം നടന്നുവരുന്നു. മയക്കുമരുന്ന് മാഫിയ സമാന്തര സര്‍ക്കാറായി മാറുന്ന കാലം വിദൂരമല്ലെന്ന് ഭാരതീയ വിചാരകേന്ദ്രം മുന്നറിയിപ്പു നല്‍കി.
വിദ്യാലയങ്ങളും കലാലയങ്ങളും ലഹരിയുടെ പിടിക്കുള്ളിലാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ ലഹരിക്കച്ചവടക്കാരായി മാറുന്നത് ആശങ്കാജനകമാണ്. അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വിമുഖരാണ്. കഴിഞ്ഞ വര്‍ഷം 24,517 അറസ്റ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ശക്തമല്ലാത്തതുകൊണ്ട് ലഹരിയുടെ ശൃംഖല ശക്തമാവുകയാണ് ചെയ്തത്. ആത്മഹത്യകളും ലഹരി ആസക്തിയും തകരുന്ന മാനസികാരോഗ്യവും കേരളത്തെ പിന്നോട്ടുവലിക്കുന്നു. അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമായി കേരളത്തെ മാറ്റാന്‍ അനുവദിക്കരുത്. ലഹരിവസ്തുക്കളുടെ വിതരണം പൂര്‍ണമായും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. കേസിലാകുന്നവരെ സര്‍ക്കാര്‍ തന്നെ രക്ഷിക്കുന്ന രീതിയും അവസാനിപ്പിക്കണം.
ലഹരിക്കെതിരായ ശക്തമായ ജനകീയ പ്രതിരോധവും ഉയര്‍ന്നു വരേണ്ടതുണ്ട്. കൂട്ടായ പരിശ്രമങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണം, സംസ്ഥാന സമിതിയംഗം സി.കെ. സുനില്‍ കുമാര്‍ അവതരിപ്പിച്ച പ്രമേയം ആഹ്വാനം ചെയ്യുന്നു. യോഗത്തില്‍ പ്രസിഡന്റ് ഡോ.സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍, ഡോ.എന്‍ സന്തോഷ്‌കുമാര്‍, ഡോ. കെ.എന്‍ മധുസൂദനന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി വി. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: