മുംബൈ: ഇൻഡസ്ഇൻഡ് ബാങ്കിനെക്കുറിച്ച് ആശങ്ക വേണ്ടെന്ന് നിക്ഷേപകർക്കും പങ്കാളികൾക്കും ഉറപ്പ് നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ബാങ്കിന് നല്ല മൂലധനമുണ്ടെന്നും നിലവിലെ ആശങ്കകൾക്കിടയിലും സ്ഥിരത പുലർത്തുന്നുണ്ടെന്നും ആർബിഐ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്‍ഡസ് ഇന്‍ഡ് ഓഹരിയുടെ വിലയില്‍ 56 ശതമാനം ഇടിവുണ്ടായതും കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വിലയില്‍ 30 ശതമാനം ഇടിവുണ്ടായതും നിക്ഷേപകരില്‍ ആശങ്ക പരത്തിയ സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ വിശദീകരണം. ഒരു വര്‍ഷത്തിനിടെ 1576.35 രൂപ വരെ ഉയര്‍ന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരിവിലയാണ് ഇപ്പോള്‍ വെറും 672.65 രൂപയില്‍ എത്തിനില്‍ക്കുന്നത്.
ഇന്‍സൈഡര്‍ ട്രേഡിംഗ് നടത്തി സിഇഒയും ഡപ്യൂട്ടി സിഇഒയും
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കിന്റെ അക്കൗണ്ടിംഗില്‍ 1,577 കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സിഇഒയ്‌ക്കും ഡപ്യൂട്ടി സിഇഒയ്‌ക്കും അറിയാമായിരുന്നു. ഇത് പുറത്തറിഞ്ഞ വലിയ ബഹളം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ അവര്‍ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന ഓഹരികള്‍ വിറ്റ് കാശാക്കുകയായിരുന്നു എന്ന ഗുരുതരമായ കുറ്റം ഇവരുടെ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.
1577 കോടി രൂപയുടെ അക്കൗണ്ടിംഗ് പൊരുത്തക്കേട്; എങ്കിലും ഭയപ്പെടേണ്ടെന്ന് റിസര്‍വ്വ് ബാങ്ക്
1,577 കോടി രൂപയുടെ അക്കൗണ്ടിംഗ് പൊരുത്തക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിസര്‍വ്വ് ബാങ്ക് നിയമിച്ച ആഭ്യന്തര ഓഡിറ്റ് സമിതിയാണ് ഈ ക്രമക്കേട് കണ്ടെത്തിയത്.
ബാങ്കിന് നല്ല മൂലധനമുണ്ടെന്നും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി തൃപ്തികരമാണെന്നും റിസർവ് ബാങ്ക് അറിയിച്ചു. 2024 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ, ബാങ്ക് 16.46 ശതമാനം മൂലധന പര്യാപ്തതാ അനുപാതവും 70.20 ശതമാനം പ്രൊവിഷൻ കവറേജ് അനുപാതവും നിലനിർത്തിയതായി റിസര്‍വ്വ് ബാങ്ക് പറഞ്ഞു. കൂടാതെ, 2025 മാർച്ച് 9 ലെ കണക്കനുസരിച്ച് ബാങ്കിന്റെ പണലഭ്യതാ കവറേജ് അനുപാതം (എൽസിആർ) 113 ശതമാനമാണ്. ഇത് റെഗുലേറ്ററി ആവശ്യകതയായ 100 ശതമാനത്തിനും മുകളിലാണെന്നും ആർബിഐ വ്യക്തമാക്കി.
ബാങ്കിന്റെ സാമ്പത്തിക പ്രശ്നം വിലയിരുത്താന്‍ ബാഹ്യ ഓഡിറ്റ് ടീമിനെ നിയോഗിച്ചു
ഇൻഡസ്ഇൻഡ് ബാങ്കിന്റെ നിലവിലെ സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തകർച്ച ഉണ്ടാകുമോ എന്ന് വിലയിരുത്തുന്നതിനുമായി ഒരു ബാഹ്യ ഓഡിറ്റ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടി. നിലവിലെ സാമ്പത്തിക പാദത്തിനുള്ളിൽ (Q4FY25) എല്ലാ പരിഹാര നടപടികളും പൂർത്തിയാക്കാനും ആവശ്യമായ അറിയിപ്പുകൾ പങ്കാളികൾക്ക് നൽകാനും ബാങ്കിന്റെ ബോർഡിനും മാനേജ്‌മെന്‍റിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു.
ഈ ഘട്ടത്തിൽ നിക്ഷേപകർ ഊഹാപോഹങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ബാങ്കിന്റെ സാമ്പത്തികാരോഗ്യം സുസ്ഥിരമായി തുടരുന്നുവെന്നും ആർബിഐ അറിയിച്ചു. ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയുടെ ആസ്തി, ബാധ്യതാ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ഇൻഡസ്ഇൻഡ് ബാങ്ക് തന്നെ സമ്മതിച്ചതിനെ തുടർന്നാണ് വിശദീകരണം. ഏകദേശം അതേസമയം, നേതൃമാറ്റങ്ങൾ ബാങ്കിന് കടുത്ത വെല്ലുവിളിയുയർത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: