വാഷിങ്ടണ്‍: പലസ്തീന് അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യു.എസ്. വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയില്‍നിന്ന് സ്വമേധയാ നാട്ടിലേക്ക് മടങ്ങിയത്. നാട്ടിലേക്ക് മടങ്ങുന്ന വിദ്യാര്‍ഥിനിയുടെ വിമാനത്താവളത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ യു.എസ്. ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
തീവ്രവാദത്തെയും അക്രമത്തെയും ന്യായീകരിക്കുന്നത് ഈ രാജ്യത്ത് അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിനിയുടെ ദൃശ്യങ്ങള്‍ക്കൊപ്പം സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.’അമേരിക്കന്‍ ഐക്യനാടുകളില്‍ താമസിക്കാനും പഠിക്കാനും വിസ ലഭിക്കുന്നത് തന്നെ ഒരു പദവിയാണ്. നിങ്ങള്‍ അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിക്കുമ്പോള്‍, ആ പദവി റദ്ദാക്കപ്പെടും, നിങ്ങള്‍ ഈ രാജ്യത്ത് തന്നെ ഉണ്ടാകരുത്. കൊളംബിയ സര്‍വകലാശാലയിലെ തീവ്രവാദ അനുഭാവികളില്‍ ഒരാള്‍ സ്വയം നാടുവിടാന്‍ സിബിപി ഹോം ആപ്പ് ഉപയോഗിക്കുന്നത് കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ ക്രിസ്റ്റി നോം പറയുന്നു.
എന്നാല്‍ ഹമാസിനെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിനപ്പുറം രഞ്ജനയുടെ വിസ റദ്ദാക്കലിന് പിന്നിലെ പ്രത്യേക കാരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ യുഎസ് സര്‍ക്കാര്‍ ഇതുവരെയും വെളിപ്പെടുത്തലിന് തയ്യാറായിട്ടില്ല. കൂടാതെ ഈ വിഷയത്തില്‍ രഞ്ജനയുടെ പ്രതികരണവും ഇതുവരെ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: