മാങ്കുളം: സുരക്ഷിതത്വമില്ലാതെ മാങ്കുളം ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടിയില്‍ പുഴയോരത്ത് ഏറുമാടത്തില്‍ അച്ഛനൊപ്പം കഴിഞ്ഞിരുന്ന സഹോദരങ്ങളായ വനവാസി വിഭാഗക്കാരായ കുട്ടികളെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഇവരെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് ജന്മഭൂമി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് സന്ദര്‍ശനത്തിനിടെ വ്യാഴാഴ്ചയാണ് കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്നിവര്‍ വിവരം വിവിധ വകുപ്പുകളെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച്ച മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മനോജ് കുര്യന്, ഗ്രാമപഞ്ചായത്തംഗം സവിത റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികള്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി. കുട്ടികളെ മാങ്കുളത്തെത്തിച്ച് വൈദ്യപരിശോധന നടത്തി ആരോഗ്യസ്ഥിതി വിലയിരുത്തി.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോമറ്റ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഹല്‍മാസ് ഹമീദ്, ജൂനിയല്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ടി. പ്രിയാവതി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാശം ചെങ്കുളത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികള്‍ അച്ഛനൊപ്പം മുമ്പ് അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന കുറത്തിക്കുടിയിലായിരുന്നു താമസിച്ചിരുന്നത്. ഏകദേശം ഒന്നര മാസം മുമ്പാണ് ഇവര്‍ വല്യപാറക്കുട്ടിയില്‍ എത്തിയത്. കുട്ടികളുടെ അച്ഛനുമായി വെള്ളിയാഴ്ച്ച ഗ്രാമ പഞ്ചായത്തധികൃതരും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി.
കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശത്ത് പകല്‍ സമയത്ത് കുട്ടികള്‍ തനിച്ചാണ് ഏറുമാടത്തില്‍ ഉണ്ടാവുക. വല്യപാറക്കുട്ടിയില്‍ എത്തിയ ശേഷം ഇവരുടെ വിദ്യാഭ്യാസവും നടന്നിരുന്നിരുന്നില്ല. ഭക്ഷണകാര്യങ്ങളും പരുങ്ങലിലായിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഏറ്റെടുത്തത്.
കുട്ടികളുടെ തുടര്‍ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ വി.ഐ. നിഷ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: