തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതര പരിക്ക്. കുന്നംകുളം നഗരത്തിൽ നടന്ന ഹോളി ആഘോഷമാണ് അക്രമത്തിൽ കലാശിച്ചത്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദനാണ് ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റത്. തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാൽ, രമണൻ എന്നിവരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിരയായ പ്രഹ്ലാദനൊപ്പം താമസിക്കുന്നവരാണ് ഇരുവരും. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അന്യസംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടിയത്.
വാടക ക്വാട്ടേഴ്സിൽ നടന്ന ഹോളി ആഘോഷം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘർഷത്തിനിടെ ബിയർ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കുന്നംകുളം ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: