കാഠ്മണ്ഡു: നേപ്പാളിൽ നടന്ന ഹിന്ദു രാജവാഴ്ച അനുകൂല റാലിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രവും.മുൻ രാജാവ് ഗ്യാനേന്ദ്ര ഷായെ സ്വാഗതം ചെയ്യുന്നതിനായി സംഘടിപ്പിച്ച റാലിയിലാണ് യോഗി ആദിത്യനാഥിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് .
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മതസ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഞായറാഴ്ചയാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗ്യാനേന്ദ്ര എത്തിയത് . ഇറങ്ങിയ ഉടൻ, രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടിയുടെ നേതാക്കളും കേഡർമാരും ഉൾപ്പെടെ നൂറുകണക്കിന് അനുയായികൾ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
നേപ്പാളിൽ രാജവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിനായിരുന്നു റാലി. വിമാനത്താവളത്തിന് പുറത്ത് റോഡിന്റെ ഇരുവശത്തും ഗ്യാനേന്ദ്രയുടെ ചിത്രവും ദേശീയ പതാകകളും വഹിച്ചുകൊണ്ട് നൂറുകണക്കിന് വിശ്വസ്തർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ചിലർ ഗ്യാനേന്ദ്രയുടെ ചിത്രത്തോടൊപ്പം യോഗി ആദിത്യനാഥിന്റെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
ജനുവരിയിൽ ഉത്തർപ്രദേശ് സന്ദർശന വേളയിൽ ഗ്യാനേന്ദ്ര ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്. മാത്രമല്ല നേപ്പാൾ രാജകുടുംബം ഗോരഖ്പൂർ മഠത്തിന്റെ വിശ്വാസികളുമാണ്.
അതേസമയം രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങളിൽ വിദേശ നേതാക്കളുടെ ചിത്രങ്ങൾ ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി കെ പി ശർമ്മ ഒലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: