മുംബൈ: ഇന്ത്യയിലെ ഓഹരി വിപണി ആകര്‍ഷകമാണെന്നും ഓഹരിവിലയില്‍ തിരുത്തലുകള്‍ നടന്ന ശേഷം ഇപ്പോഴിതാ ഓഹരികള്‍ വാങ്ങിക്കൂട്ടാവുന്ന ഘട്ടമാണെന്നും ധനകാര്യസേവനരംഗത്തെ ആഗോള കമ്പനിയായ അമേരിക്കയിലെ മോര്ഗന് സ്റ്റാന്‍ലി. ഇന്ത്യന്‍ ഓഹരിവിപണിയുടെ സൂചികയായ സെന്‍സെക്സ് 2025 ഡിസംബര്‍ ആകുമ്പോഴേക്കും ഇപ്പോഴുള്ള 74000ല്‍ നിന്നും 1,00005 പോയിന്റില്‍ എത്തുമെന്നും മോര്ഗന് സ്റ്റാന്‍ലി പ്രവചിക്കുന്നു.
മോര്ഗന് സ്റ്റാന്‍ലിയുടെ ഇന്ത്യന്‍ ഓഹരിവിപണിയുടെ സുപ്രധാനതന്ത്രജ്ഞനും മേധാവിയുമായ റിധം ദേശായി എഴുതിയ റിപ്പോര്‍ട്ടിലാണ് ഈ പോസിറ്റീവ് നിരീക്ഷണങ്ങള്‍. ഇപ്പോഴുള്ള നിലയില്‍ നിന്നും ഏകദേശം 25 ശതമാനത്തോളം 2025 ഡിസംബര്‍ ആകുമ്പോഴേക്കും സെന്‍സെക്സില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ഇത് നിക്ഷേപം ഇറക്കാനുള്ള സമയമാണെന്നും മോര്ഗന് സ്റ്റാന്‍ലി ഉപദേശിക്കുന്നു.
കോവിഡിന് ശേഷമുള്ള ഏറ്റവും മികച്ച നിലയിലാണ് ഇന്ത്യയുടെ ഓഹരിവിപണി. നിരവധി ഓഹരികള്‍ ഓവര്‍ സോള്‍ഡ് ആയിക്കഴിഞ്ഞെന്നും ഇനി ഓഹരികള്‍ ഉയരാന്‍ പോവുകയാണെന്നും ഇനി ഓഹരി വാങ്ങുന്നവരുടെ വിപണിയാണ് ഇന്ത്യന്‍ ഓഹരിവിപണിയെന്നും മോര്ഗന് സ്റ്റാന്‍ലി ഇന്ത്യ മേധാവി റിധം ദേശായി പറയുന്നു. കോവിഡിന് ശേഷം ഇന്ത്യന്‍ വിപണി ഇത്രയും ആകര്‍ഷകമായി നില്ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെന്നും മോര്ഗന് സ്റ്റാന്‍ലി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം വന്നേയ്ക്കാമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. പക്ഷെ മാന്ദ്യം വന്നില്ലെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയുടെ ഓഹരി വിപണി കുതിയ്ക്കുകതന്നെ ചെയ്യും.-റിധം ദേശായിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയുടെ ഓഹരി വിപണി തകര്‍ച്ചയിലായിരുന്നു. ട്രംപ് വ്യാപാരച്ചുങ്കം കൂട്ടിയതും യുഎസ് ഡോളറിന്റെ മൂല്യം അസാമാന്യരീതിയില്‍ ഉയര്‍ന്നതും കാരണമാണ് ഇന്ത്യയുടെ ഓഹരിവിപണി തകര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: