പത്തനംതിട്ട : കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ആരംഭിച്ച ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ബലത്തില്‍ മികവ് നേടിയ കേരളം ഒടുവില്‍ പദ്ധതി അട്ടിമറിക്കാന്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ ഗൂഢ ശ്രമം തുടങ്ങി. ലളിത വ്യവസ്ഥകളോടെ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് സുഗമമായി വിജയത്തിലെത്തിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷം മുമ്പ് ഈസ് ഓഫ് ഡൂയിങ്് ബിസിനസ് പദ്ധതി ആരംഭിച്ചത്. സംരംഭകത്വത്തില്‍ കേവലം 15 -ാം സ്ഥാനത്തായിരുന്ന കേരളം കേന്ദ്ര പദ്ധതിയിലൂടെ നില മെച്ചപ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ തലതിരിഞ്ഞ നയം മൂലം വീണ്ടും ദുരവസ്ഥയിലേക്ക് കൂപ്പുകുത്തുന്നത്.
അടുത്ത കാലത്ത് ഉണ്ടായ സംരംഭകത്വ വര്‍ദ്ധനവിന് പിന്നില്‍ തങ്ങളുടെ മികവാണെന്ന് വരുത്തി തീര്‍ക്കാനാണ് സംസ്ഥാന തൊഴില്‍ വകുപ്പും മുഖ്യമന്ത്രിയും ശ്രമിച്ചത്. കേന്ദ്രനയമാണ് ഇതിന് പിന്നിലെന്ന സത്യം മനപൂര്‍വം കേരളം മറച്ചു വയ്ക്കുകയായിരുന്നു. എന്നാല്‍ സംരഭകരായി മുന്നോട്ടു വന്നവര്‍ യാഥാര്‍ഥ്യം പരസ്യമാക്കിയതോടെ ഇടതു സര്‍ക്കാരിന്റെ പുറം പൂച്ച് പൊളിഞ്ഞു. അടുത്തിടെ നടന്ന നിക്ഷേപ ഉച്ചകോടിയിലൂടെ ഇത് ജനങ്ങളിലെത്തി. ഈ സാഹചര്യത്തിലാണ് കേന്ദ്ര മികവിനെ ഇകഴ്ത്തി കാട്ടാന്‍ തൊഴില്‍ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംരംഭകരെ ദ്രോഹിക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്.
തമിഴ്നാട്ടില്‍ 10 പേരില്‍ താഴെ തൊഴിലാളികളുള്ള ഒരു സ്ഥാപനത്തിലും പരിശോധനയില്ല. അതിനാല്‍ പാലക്കാട് കഞ്ചിക്കോട്ടു നിന്നും വാളയാര്‍ കടന്ന് പ്രതിവര്‍ഷം അമ്പതില്‍ അധികം സ്ഥാപനങ്ങളാണ് കോയമ്പത്തൂരിലേക്ക് അഭയം തേടുന്നത്. ഈ നില തുടര്‍ന്നാല്‍ സംരംഭകത്വ പ്രോത്സാഹനത്തില്‍ കേരളം തമിഴ് നാടിനെയും കര്‍ണാടകത്തിനെയും പിന്തള്ളി പിന്നിലേക്ക് പോകുമെന്ന കാര്യം ഉറപ്പാണ്.
നിരന്തര പരിശോധനകളിലൂടെ ചെറുകിട സംരംഭകരെ കെട്ടുകെട്ടിക്കുക എന്നതാണ് തൊഴില്‍ വകുപ്പിന്റെ പുതിയ നയം. കേന്ദ്ര സര്‍ക്കാര്‍ 2019-ല്‍ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ്് ബിസിനസ് നയങ്ങള്‍ക്ക് ഘടക വിരുദ്ധമാണിത്. മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ ഫാക്ടറികള്‍ സന്ദര്‍ശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന മാനദണ്ഡം. രേഖാ മൂലമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമെ സന്ദര്‍ശനം പാടുള്ളു. അതിന് മുമ്പ് പരാതിയുടെ കോപ്പിയും സന്ദര്‍ശന തീയതിയും സമയവും കമ്പനി ഉടമയെ അറിയിച്ചിരിക്കണം. സന്ദര്‍ശനം വീഡിയോയില്‍ ചിത്രീകരിക്കാനുള്ള സംരംഭകന്റെ അവകാശം സംരക്ഷിക്കണം എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് സന്ദര്‍ശനം.
സംരംഭങ്ങളെ ഹൈ റിസ്ക്ക്, മീഡിയം റിസ്ക്ക്, ലോ റിസ്ക്ക് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. എന്നാല്‍ പൊട്ടിത്തെറി, തീ പിടുത്തം, വിഷ വാതക ചോര്‍ച്ച എന്നിവയ്ക്ക് സാധ്യതയുള്ള ഹൈ റിസ്ക്ക് സംരംഭങ്ങളെ പൂണ്ണമായി ഒഴിവാക്കി ലോ റിസ്ക്ക് സംരഭങ്ങളിലാണ് പരിശോധന ഏറെയും. തിരുവനന്തപുരം പാരിപ്പള്ളിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോപ്പറേഷന്റെ സംഭരണശാല, തിരുവനന്തപുരം വിമാനത്താവളത്തിലെ എണ്ണ സംഭരണശാല, ചവറ ടൈറ്റാനിയത്തിലെ ക്ലോറില്‍ സംഭരണശാല എന്നിവിടങ്ങളില്‍ വാര്‍ഷിക പരിശോധന അനുവദിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ക്ക് താത്പര്യം ചെറുകിട സ്ഥാപനങ്ങളോടാണ്. 60-ല്‍ പരം ഹൈ റിസ്ക്ക് സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടെങ്കിലും 2024-ല്‍ വെറും അഞ്ച് സ്ഥാപനങ്ങളില്‍ മാത്രമാണ് പരിശോധന നടന്നിട്ടുള്ളതെന്ന് തൊഴില്‍ വകുപ്പിന്റെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. ഇതുമൂലം കേരളത്തില്‍ നിന്നും പ്രതിവര്‍ഷം 500-ല്‍ പരം ചെറുകിട സ്ഥാപനങ്ങളാണ് ലൈസന്‍സ് റദ്ദാക്കി തമിഴ്നാട്ടിലേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: