അഹമ്മദാബാദ്: അമ്മമാരുടെയും സഹോദരിമാരുടെയും പെണ്മക്കളുടെയും അനുഗ്രഹമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹത്താല്‍ താന്‍ ലോകത്തിലെ ഏറ്റവും വലിയ ധനികനായി. ഈ അനുഗ്രഹമാണ് തന്റെ ശക്തിയും മൂലധനവും സംരക്ഷണ കവചമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവസാരി ജില്ലയിലെ വാന്‍സി ബോര്‍സി ഗ്രാമത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്കായി ഭാരതം ഇപ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വനിതകളുടെ ശാക്തീകരണവും ക്ഷേമവും ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്കുന്നു. സര്‍ക്കാരിലും സമൂഹത്തിലും വന്‍കിടസ്ഥാപനങ്ങളിലും വിവിധ തലങ്ങളിലായി സ്ത്രീകള്‍ക്കുള്ള അവസരവും പങ്കാളിത്തവും വര്‍ധിച്ചുവരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ മികവു പുലര്‍ത്തുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014 മുതല്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാര്‍ ഉണ്ടായിട്ടുണ്ടെന്നും പാര്‍ലമെന്റില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ കഠിനാധ്വാനം, സമര്‍പ്പണം, അനുഗ്രഹം എന്നിവയാല്‍ 2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി സഫല്‍, ജി മൈത്രി എന്നീ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ലക്ഷാധിപതി ദീദി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കുള്ള ഫണ്ടുകളും അക്കൗണ്ടുകളിലേക്ക് കൈമാറി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേല്‍, കേന്ദ്ര ജലശക്തി മന്ത്രി സി.ആര്. പാട്ടീല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആയിരക്കണക്കിന് വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. എസ്പിജി ഒഴികെയുള്ള പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയ്ക്കായി ഗുജറാത്ത് പോലീസിലെ വനിതാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. ആഭ്യന്തര സെക്രട്ടറി നിപുണ ടൊറവാനെയുടെ നേതൃത്വത്തില്‍ 2,500 ഓളം വനിതാ ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: