കൊല്ലം: സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതി തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുമെന്നു തുറന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ 30 മിനിറ്റിലേറെ മാറ്റിവച്ചത് സഹകരണ മേഖലയിലെ പാര്‍ട്ടി നേതാക്കളുടെ അഴിമതിയെക്കുറിച്ചു പറയാനായിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ 350 കോടിയുടെ അഴിമതിയില്‍ അന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. വര്ഗീസിനുള്പ്പെടെ പങ്കുണ്ടെന്ന് പറയാതെ പറയുന്നതായിരുന്നു റിപ്പോര്‍ട്ട്. അഴിമതിപ്പണത്തിന്റെ പങ്ക് നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയും കൈപ്പറ്റി. അതിനാലാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചപ്പോള്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകാതെ പോയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെ കരുവന്നൂരിലെ അഴിമതി കണ്ടെത്താന്‍ കമ്മിഷനായി പാര്‍ട്ടി നിയോഗിച്ചിരുന്നു. ആ റിപ്പോര്‍ട്ട് അതേപടി പുറത്തുവന്നിരുന്നെങ്കില്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നിക്ഷേപകര്‍ ഇടിച്ചുകയറിയേനെ എന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ഇന്നും നാളെയും സമ്മേളന ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ ഉയരുമെന്നുറപ്പാണ്. വായ്പയെടുത്തിട്ടു പണം തിരികെ അടയ്ക്കാത്ത പാര്‍ട്ടി നേതാക്കളും അംഗങ്ങളും ബാങ്കിന്റെ തകര്‍ച്ചയ്ക്കു കാരണമായി.
കരുവന്നൂര്‍ മാത്രമല്ല, പാര്‍ട്ടി നിയന്ത്രണത്തിലിരിക്കുന്ന എല്ലാ ബാങ്കുകളും ചെറുതും വലുതുമായ അഴിമതിയുടെ കേന്ദ്രങ്ങളാണ്. 70 ശതമാനത്തോളം സഹകരണ ബാങ്കുകളില്‍ നിക്ഷേപകര്‍ക്കു പണം തിരികെക്കൊടുക്കാനാകുന്നില്ല. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരികെക്കൊടുക്കാനാകാത്തത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അടിത്തറയിളക്കുന്നതിനിടയാക്കും. പ്രാദേശിക നേതാക്കളുടെ പ്രധാന അഴിമതി കേന്ദ്രമായി സഹകരണ ബാങ്കുകള്‍. ഇതിനെ നിയന്ത്രിക്കേണ്ട ലോക്കല്‍ കമ്മിറ്റികളും ഏരിയ കമ്മിറ്റികളും അഴിമതിക്കൊപ്പമാണ്.
പരാതിപ്പെടുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുകയും അഴിമതിക്കാരെ കൂടെ നിര്‍ത്തുകയുമാണ് നേതൃത്വം. പ്രാദേശിക നേതാക്കളും ബന്ധുക്കളും സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍ തോതിലാണ് വായ്പയെടുത്തിരിക്കുന്നത്. വസ്തുവിന്റെ മാര്‍ക്കറ്റുവിലയുടെ പകുതിയേ വായ്പയായി അനുവദിക്കാവൂ എന്നാണ് മാര്ഗനിര്ദേശമെങ്കിലും മാര്‍ക്കറ്റുവിലയുടെ നാലിരട്ടി വരെ വായ്പ നല്കിയ ബാങ്കുകളുണ്ട്. ഇതൊന്നും ബാങ്കുകളിലേക്കു തിരിച്ചെത്താതായതോടെ നിക്ഷേപകര്‍ക്കു പണം തിരികെക്കൊടുക്കാന്‍ കഴിയുന്നില്ല. ക്രമവിരുദ്ധമായുള്ള വായ്പകള്‍ സഹകരണ ബാങ്കുകളുടെ നട്ടെല്ലു തകര്‍ത്തതായും ഇതു പരിഹരിച്ചില്ലെങ്കില്‍ അതിവിദൂരത്തല്ലാതെ പാര്‍ട്ടിയെ താഴേത്തട്ടില്‍ തകര്‍ക്കുമെന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: