ന്യൂദല്‍ഹി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയരായ രണ്ട് ഭാരത പൗരന്മാരൂടെ കബറടക്ക ചടങ്ങുകള്‍ വ്യാഴാഴ്ച അബുദാബിയില്‍ നടന്നു. ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയ മലയാളിയായ മുഹമ്മദ് റിനാഷ് അരങ്ങിലോട്ടിന്റെയും ഫെബ്രുവരിയില്‍ വധശിക്ഷ നടപ്പാക്കിയ യുപിയിലെ ബാന്ദ സ്വദേശിനിയായ ഷഹ്സാദി ഖാന്റെയും കബറടക്ക ചടങ്ങുകളാണ് യുഎഇയില്‍ നടന്നത്. മുഹമ്മദ് റിനാഷിന്റെ അടുത്ത ബന്ധുക്കളും യുഎഇയിലെ ഭാരത എംബസി പ്രതിനിധികളും സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തു. ഷഹ്സാദി ഖാന്റെ കുടുംബത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കമെന്ന് എംബസി അറിയിച്ചു. പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. എല്ലാ നിയമ സഹായങ്ങളും ഷഹ്സാദി ഖാന് നല്‍കിയിരുന്നുവെന്നും എന്നാല്‍ കുട്ടിയെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്നും കടുത്ത ശിക്ഷയാണ് അത്തരം കുറ്റങ്ങള്‍ക്ക് യുഎഇ നടപ്പാക്കുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ദയാഹര്‍ജിയും മാപ്പപേക്ഷയുമടക്കം എല്ലാം സമര്‍പ്പിച്ചിരുന്നതായും അവസാന നിമിഷം വരെ സഹായങ്ങള്‍ നല്‍കിയിരുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുഎഇ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് റിനാഷ് അരങ്ങിലോട്ടിനെ ശിക്ഷിച്ചത്. മലയാളിയായ മുരളീധരന് എന്ന മറ്റൊരു മലയാളിയുടെ കൂടി വധശിക്ഷ കഴിഞ്ഞ ദിവസം യുഎഇയില്‍ നടപ്പാക്കിയിരുന്നു. മുരളീധരന്റെ സംസ്ക്കാര ചടങ്ങുകള്‍ പിന്നീട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: