കൊല്ലം: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ഭരണകൂടമല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. എന്നാല്‍ ഇന്ദിരാഗാന്ധി അര്‍ദ്ധ ഫാസിസ്റ്റായിരുന്നുവെന്നും ജവഹര്‍ലാല്‍ നെഹ്രുവിന് ഫാസിസ്റ്റ് സ്വഭാവമായിരുന്നുവെന്നും മാധ്യമങ്ങളോട് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കി. മോദി സര്‍ക്കാര്‍ ഫാസിസ്റ്റാണെങ്കില്‍ എകെജി സെന്റര്‍ ഇവിടെയുണ്ടാകുമോയെന്നും കേന്ദ്രസര്‍ക്കാരിനെതിരെ സമരം നടത്താന്‍ സാധിക്കുമോ എന്നും ഗോവിന്ദന് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ദേശീയ തലത്തിലും സംസ്ഥാനത്തും സിപിഎമ്മും ഇടത് ബുദ്ധിജീവികളും നിരന്തരം നടത്തിയ വ്യാജ പ്രചാരണത്തിനാണ് എം.വി ഗോവിന്ദനിലൂടെ സിപിഎം അവസാനം കുറിക്കാന്‍ ശ്രമിക്കുന്നത്. മോദിയും കേന്ദ്രസര്‍ക്കാരും ഫാസിസ്റ്റല്ല എന്ന നിലപാട് സിപിഎം കേന്ദ്രനേതൃത്വത്തില്‍ പ്രകാശ് കാരാട്ട് വിഭാഗം കുറച്ചുകാലമായി സ്വീകരിച്ചുവരികയായിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയും ഇടത് ലിബറല്‍ സംഘങ്ങളും ഇതംഗീകരിച്ചിരുന്നില്ല.
യാഥാര്‍ത്ഥ്യബോധത്തോടെ വേണം രാഷ്ട്രീയത്തെ കാണാന്‍ എന്ന കാരാട്ട് ലൈനിന് കേരളാ ഘടകത്തില്‍ നിന്ന് ലഭിച്ച പിന്തുണയായി എം.വി ഗോവിന്ദന്റെ പരസ്യ നിലപാട് മാറിക്കഴിഞ്ഞു. പാര്‍ട്ടി നിലപാട് മാറ്റിയതോടെ, എന്തിനും ഏതിനും മോദിയെ ഫാസിസ്റ്റ് ഭരണാധികാരിയായി മുദ്രകുത്തി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന കേരളത്തിലെ ഇടത് ബുദ്ധിജീവികള്‍ ഇക്കാര്യത്തില്‍ ഇനി എന്തു ചെയ്യുമെന്നത് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: