കൊല്ലം: സിപിഎമ്മുകാര്‍ക്ക് മദ്യപിക്കാമോ? ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്‍ കാലുറപ്പിക്കാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദന്. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്ന് കഴിഞ്ഞ ദിവസം ശക്തമായി പറഞ്ഞ ഗോവിന്ദന് ഇന്നലെ മയപ്പെടുത്തി.
മദ്യപിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് തടസമില്ലെന്നാണ് പുതിയ നിലപാട്. മദ്യപിക്കുന്നവരെ കാണിച്ചുതന്നാല്‍ പുറത്താക്കി പാര്‍ട്ടി ശുദ്ധീകരിക്കാമെന്ന രണ്ട് ദിവസം മുമ്പുപറഞ്ഞത്. പാര്‍ട്ടി അംഗത്വത്തില്‍ നില്ക്കുന്നവര് മദ്യപിക്കരുതെന്നാണ് ഉദ്ദേശിച്ചതെന്നും പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസമില്ലെന്നും ഗോവിന്ദന് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
മദ്യപന്മാര്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞത് സംഘടനാരംഗത്തുള്ള പാര്‍ട്ടി സഖാക്കളും മെമ്പര്‍മാരും മദ്യപിക്കരുതെന്നാണ്. അത് രാഷ്ട്രീയമായ നിലപാടാണ്. തെറ്റുതിരുത്തല്‍ പ്രക്രിയയയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം നിര്‍ദേശിച്ചതാണത്. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കരുതെന്ന് ഒരു സുപ്രഭാതത്തില്‍ വെളിപാട് ഉണ്ടായിട്ട് പറഞ്ഞതല്ല. കൃത്യമായ രാഷ്ടീയത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചതാണ്. അതിലേക്കാണ് എത്തേണ്ടത്. ഒരുദിവസം കൊണ്ടോ, രണ്ടുദിവസം കൊണ്ടോ അത് പൂര്‍ത്തിയാകില്ലെന്നും ഗോവിന്ദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: