തിരുവനന്തപുരം: സംസ്ഥാനത്തെ റാഗിംഗ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംസ്ഥാനത്ത് റാഗിംഗ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസ് നാളെ പ്രത്യേക ബെഞ്ച് പരിഗണിക്കും. റാഗിംഗ് കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിക്കുന്നില്ല എന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. റാഗിംഗ് തടയണമെന്ന കോടതി ഉത്തരവുണ്ടായിട്ടും ഇതുസംബന്ധിച്ച് കൃത്യമായ ചട്ടക്കൂടുണ്ടാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താൽ ഒട്ടേറെ റാഗിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ഫലപ്രദമായ റാഗിംഗ് വിരുദ്ധ നടപടികൾക്ക് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
റാഗിംഗ് തടയുന്നതിന് സംസ്ഥാന, ജില്ലാതല റാഗിംഗ് വിരുദ്ധ നിരീക്ഷണ സമിതികൾ രൂപീകരിക്കണം, സ്കൂളുകളിൽ റാഗിംഗ് വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവർ സംസ്ഥാനതല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: