പുതുച്ചേരി: ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നല്കി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി പത്ത് പുതുച്ചേരി സ്വദേശികളില്‍ നിന്നായി മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് നടപടി. നടിമാര്‍ക്ക് കമ്പനിയുമായി ബന്ധമുണ്ടെന്ന സംശയമുയര്‍ന്നതിനെത്തുടര്‍ന്നാണ് പുതുച്ചേരി പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റേതാണ് പരാതി. ക്രിപ്റ്റോ കറന്‍സി നിക്ഷേപ പദ്ധതിയില്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ആരോപണം നേരിടുന്ന കമ്പനിയുടെ പല പരിപാടികളില്‍ നടിമാര്‍ പങ്കെടുത്തിട്ടുണ്ട്. 2022ല്‍ കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമന്ന ആയിരുന്നു അതിഥി. പ്രചാരണ പരിപാടികളില്‍ കാജലും പല പ്രമുഖരും പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിക്ഷേപത്തുകയുടെ അടിസ്ഥാനത്തില്‍ കാജലാണ് 100 പേര്‍ക്ക് കാറുകള്‍ സമ്മാനിച്ചത്.
കമ്പനിയുടെ പരിപാടികളില്‍ പങ്കെടുത്തതിന് തമന്ന 25 ലക്ഷം രൂപയും കാജല്‍ 18 ലക്ഷം രൂപയും പ്രതിഫലം വാങ്ങിയിരുന്നു. എന്നാല്‍ ഉദ്ഘാടനത്തിന് പുറമെ കമ്പനിയുടെ ഓഹരികളില്‍ നടിമാര്‍ക്ക് പങ്കാളിത്തം ഉണ്ടോയെന്ന സംശയത്തിലാണ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിതീഷ് ജെയിന്, അരവിന്ദ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. കേരളത്തില്‍ അടക്കം ഈ സംഘം തട്ടിപ്പ് നടത്തിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: