പ്രയാഗ് രാജ് എന്ന പുണ്യനഗരത്തില്‍ മഹാ കുംഭമേളയ്ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോള്‍, നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശ മനോഭാവത്തിന്റെ പ്രതിബന്ധങ്ങള്‍ തകര്‍ത്തു മുന്നേറുമ്പോള്‍, നവോന്മേഷത്തിന്റെ ശുദ്ധ വായു രാജ്യം സ്വതന്ത്രമായി ശ്വസിക്കുന്നു. ഇതിന്റെ ഫലത്തിനാ
ണ് ജനുവരി 13 മുതല്‍ പ്രയാഗ്രാജില് ഒരുമയുടെ മഹാ കുംഭമേളയില്‍ സാക്ഷ്യം വഹിച്ചത്. 140 കോടി ഭാരതീയരുടെ വികാരങ്ങള്‍ ഒരേ ഇടത്ത്, ഒരേസമയം ഈ വിശുദ്ധ വേളയില്‍ ഒന്നാകുന്നത് നാം കണ്ടു.
ഈ പുണ്യഭൂമിയിലാണ് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും കേദാരമായ ശൃംഗവേര്‍പൂര്‍ സ്ഥിതി ചെയ്യുന്നത്. അവിടെ വെച്ചാണ് പ്രഭു ശ്രീരാമനും നിഷാദ്രാജും കണ്ടുമുട്ടിയത്. അവരുടെ കൂടിക്കാഴ്ച ഭക്തിയുടെയും സൗഹാര്‍ദത്തിന്റെയും സംഗമത്തെ പ്രതീകപ്പെടുത്തി. ഇന്നും പ്രയാഗ് രാജ് നമ്മെ അതേ ആവേശത്തോടെ പ്രചോദിപ്പിക്കുന്നു.
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും കോടിക്കണക്കിന് ജനങ്ങള്‍ കഴിഞ്ഞ 45 ദിവസമായി ത്രിവേണിസംഗമത്തിലേക്ക് എത്തുന്നത് ഞാന്‍ കണ്ടു. ഓരോ ഭക്തനും സംഗമത്തില്‍ സ്നാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വന്നത്. ഗംഗ, യമുന, സരസ്വതി എന്നിവയുടെ പുണ്യ സംഗമം ഓരോ തീര്‍ത്ഥാടകനെയും ആവേശം, ഊര്‍ജ്ജം, ആത്മവിശ്വാസം എന്നിവയാല്‍ സമ്പന്നമാക്കി.
പ്രയാഗ് രാജിലെ ഈ മഹാകുംഭമേളയുടെ ആസൂത്രണം, ആധുനിക മാനേജ്മെന്റ് പ്രൊ
ഫഷണലുകള്‍ക്കും നയ വിദഗ്ധര്‍ക്കും പഠന വിഷയമാണ്. ലോകത്ത് എവിടെയും ഇത്ര വലിയ തോതിലുള്ളതോ സമാന്തരമായതോ ആയ മറ്റൊരു ഉദാഹരണമില്ല.
പ്രയാഗ് രാജില്‍ നദീസംഗമ തീരത്ത് കോടിക്കണക്കിന് മനുഷ്യര്‍ ഒത്തുകൂടിയതെങ്ങനെയെന്ന് ലോകം അത്ഭുതത്തോടെ വീക്ഷിച്ചു. ഈ ജനങ്ങള്‍ക്ക് ഔപചാരിക ക്ഷണങ്ങളോ എപ്പോള്‍ പോകണമെന്ന് മുന്‍കൂട്ടി അറിയിപ്പോ ലഭിച്ചിരുന്നില്ല. എന്നിട്ടും ഇവര്‍ പുണ്യജലത്തില്‍ സ്നാനം ചെയ്ത് ആത്മീയാനന്ദം അനുഭവിച്ചു. പുണ്യസ്നാനത്തിനുശേഷം അതിയായ സന്തോഷവും സംതൃപ്തിയും പ്രസരിച്ച ആ മുഖങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. സ്ത്രീകള്‍, മുതിര്‍ന്നവര്‍, ദിവ്യാംഗ സഹോദരീ സഹോദരന്മാര്- എല്ലാവരും സംഗമത്തിലെത്താന്‍ തങ്ങളുടേതായ മാര്‍ഗം കണ്ടെത്തി.
രാജ്യത്തെ യുവാക്കളുടെ വര്‍ധിച്ച പങ്കാളിത്തം ഇവിടെ കണ്ടു. മഹാകുംഭത്തിലെ യുവതലമുറയുടെ സാന്നിധ്യം രാജ്യത്തെ യുവാക്കള്‍ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ദീപസ്തംഭങ്ങളായിരിക്കുമെന്ന ആഴത്തിലുള്ള സന്ദേശം നല്കുന്നു. അത് സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അവര്‍ മനസിലാക്കുകയും പൈതൃകത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു.
മഹാകുംഭത്തില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജിലെത്തിയ ഭക്തരുടെ എണ്ണം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. എന്നാല്‍ നേരിട്ടെത്തിയവരെ കൂടാതെ, ഇവിടെ എത്താന്‍ കഴിയാത്ത കോടിക്കണക്കിന് പേരും ആ അവസരവുമായി വൈകാരികമായി ആഴത്തില്‍ ബന്ധപ്പെട്ടിരുന്നു. തീര്‍ത്ഥാടകര്‍ കൊണ്ടുവന്ന പുണ്യജലം ദശലക്ഷക്കണക്കിന് പേര്‍ക്ക് ആത്മീയ ആനന്ദത്തിന്റെ ഉറവിടമായി മാറി. മഹാകുംഭത്തില്‍ നിന്ന് മടങ്ങിയെത്തിയ പലരെയും അവരുടെ ഗ്രാമങ്ങളില്‍ ആദരവോടെ സ്വീകരിച്ചു, സമൂഹം ആദരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ സംഭവിച്ചത് അഭൂതപൂര്‍വമായ സംഭവമാണ്, അത് വരും നൂറ്റാണ്ടുകള്‍ക്ക് ഒരടിത്തറ പാകി.
പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തര്‍ പ്രയാഗ്രാജിലെത്തി. കുംഭമേളയുടെ മുന്‍കാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടം പങ്കെടുക്കുന്നവരുടെ ഏകദേശം എണ്ണം കണക്കാക്കി. ഐക്യത്തിന്റെ ഈ മഹാകുംഭത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ ജനസംഖ്യയുടെ ഇരട്ടി ജനങ്ങള്‍ പങ്കെടുത്തു.
കോടിക്കണക്കിന് ഭാരതീയരുടെ ആവേശകരമായ പങ്കാളിത്തത്തെ ആത്മീയ പണ്ഡിതന്മാര് വിശകലനം ചെയ്താല്‍, തങ്ങളുടെ പൈതൃകത്തില്‍ അഭിമാനിക്കുന്ന ഭാരതമിപ്പോള്‍ പുതിയൊരു ഊര്‍ജ്ജവുമായി മുന്നേറുകയാണെന്ന് അവര്‍ക്ക് മനസ്സിലാകും. ഇത് ഒരു നവ യുഗത്തിന്റെ ഉദയമാണ്. അതൊരു നവ ഭാരതത്തിന്റെ ഭാവി രചിക്കും.
ആയിരക്കണക്കിന് വര്‍ഷങ്ങളായി, മഹാകുംഭം രാജ്യത്തിന്റെ ദേശീയ അവബോധത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പൂര്‍ണകുംഭത്തിലും, ഒത്തുചേരുന്ന സംന്യാസിമാര്‍, പണ്ഡിതര്‍, ചിന്തകര്‍ എന്നിവര്‍ അവരുടെ കാലഘട്ടത്തിലെ സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അവരുടെ ചിന്തകള്‍ രാഷ്ട്രത്തിനും സമൂഹത്തിനും ഒരു പുതിയ ദിശാബോധം നല്‍കിയിരുന്നു. ഓരോ ആറ് വര്‍ഷത്തിലും, അര്‍ദ്ധകുംഭത്തില്‍, ഈ ആശയങ്ങള്‍ അവലോകനം ചെയ്യപ്പെട്ടു. 144 വര്‍ഷക്കാലത്തിനിടയിലെ 12 പൂര്‍ണകുംഭ പരിപാടികള്‍ക്ക് ശേഷം, കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു, പുതിയ ആശയങ്ങള്‍ സ്വീകരിച്ചു, കാലാനുസൃതമായി പുതിയ പാരമ്പര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഈ മഹാകുംഭത്തില്‍, നമ്മുടെ സംന്യാ
സിമാര്‍ വീണ്ടും ഭാരതത്തിന്റെ വികസന യാത്രയ്ക്ക് – വികസിത ഭാരതം എന്ന പുതിയ സന്ദേശം നല്കി.
കൊച്ചുകുട്ടിയായിരിക്കെ, ഭഗവാന് ശ്രീകൃഷ്ണന് തന്റെ വായ്ക്കുള്ളില്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ ചിത്രവും അമ്മ യശോദയ്ക്ക് ദൃശ്യമാക്കിയ സംഭവം ഓര്‍മ്മ വരുന്നു. അതുപോലെ, ഈ മഹാകുംഭമേളയില്‍, രാജ്യത്തിലെയും ലോകത്തിലെയും ജനങ്ങള്‍ ഭാരതത്തിന്റെ കൂട്ടായ ശക്തിയുടെ വമ്പിച്ച സാധ്യതകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയും വികസിത ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനായി സ്വയം സമര്‍പ്പിക്കുകയും വേണം.
സ്വാമി വിവേകാനന്ദന് മുതല്‍ ശ്രീ അരബിന്ദോ വരെയുള്ള മഹാന്മാരായ എല്ലാ ചിന്തകരും നമ്മുടെ കൂട്ടായ തീരുമാനങ്ങളുടെ ശക്തിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി പോലും അതനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം, ഈ കൂട്ടായ ശക്തി ശരിയായി തിരിച്ചറിയപ്പെടുകയും എല്ലാവരുടെയും ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കില്‍, പുതുതായി സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന് കരുത്തായി മാറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അത് നേരത്തെ സംഭവിച്ചില്ല. എന്നാലിപ്പോള്‍, വികസിത ഭാരതത്തിനായി ജനങ്ങളുടെ ഈ കൂട്ടായ ശക്തി ഒത്തുചേരുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
വേദങ്ങള്‍ മുതല്‍ വിവേകാനന്ദന് വരെ, പുരാതന ഗ്രന്ഥങ്ങള്‍ മുതല്‍ ആധുനിക ഉപഗ്രഹങ്ങള്‍ വരെ, മഹത്തായ പാരമ്പര്യങ്ങള്‍ ഈ രാഷ്ട്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. പൂര്‍വ്വികരുടെയും സംന്യാസിമാരുടെയും ഓര്‍മ്മകളില്‍ നിന്ന് പുതിയ പ്രചോദനം ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയട്ടെ എന്ന് ഒരു പൗരനെന്ന നിലയില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഐക്യത്തെ നമ്മുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വമാക്കാം. രാഷ്ട്രസേവനം ഈശ്വര സേവനമാണെന്ന ബോധത്തോടെ നമുക്ക് പ്രവര്‍ത്തിക്കാം.
കാശിയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഗംഗാ മാതാവ് എന്നെ വിളിച്ചതായി ഞാന്‍ പറഞ്ഞിരുന്നു. ഇത് കേവലം ഒരു ചിന്തയല്ല, മറിച്ച് നമ്മുടെ പുണ്യനദികളുടെ ശുചിത്വത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ആഹ്വാനമായിരുന്നു. പ്രയാഗ്രാജിലെ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് നില്ക്കുമ്പോള്, എന്റെ ദൃഢനിശ്ചയം കൂടുതല്‍ ശക്തമായി. നമ്മുടെ നദികളുടെ ശുചിത്വം സ്വജീവിതവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ചെറുതോ വലുതോ ആയ നദികളെ ജീവദായിനിയായ അമ്മമാരായി ആഘോഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ നദികളുടെ ശുചിത്വത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ മഹാകുംഭമേള നമ്മെ പ്രചോദിപ്പിച്ചു.
ഇത്ര വലിയൊരു പരിപാടി സംഘടിപ്പിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മുടെ പ്രാര്‍ത്ഥനകളില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞങ്ങളോട് ക്ഷമിക്കണമെന്ന് ഞാന്‍ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതിയോടും പ്രാര്‍ത്ഥിക്കുന്നു. ജനത ജനാര്‍ദ്ദനനെ- ജനങ്ങളെ- ദൈവികതയുടെ ഒരു മൂര്‍ത്തീഭാവമായിട്ടാണ് ഞാന്‍ കാണുന്നത്. അവരെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളില്‍ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടെങ്കില്‍, ഞാന്‍ ജനങ്ങളോടും ക്ഷമ തേടുന്നു.
കോടിക്കണക്കിന് ജനങ്ങള്‍ ഭക്തിയോടെയാണ് മഹാകുംഭത്തില്‍ എത്തിയത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു പാര്‍ലമെന്റ് അംഗം എന്ന നിലയില്‍, യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് ഐക്യത്തിന്റെ ഈ മഹാകുംഭ് വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. സംസ്ഥാനമായാലും കേന്ദ്രമായാലും അധികാര കേന്ദ്രങ്ങളോ ഭരണാധികാരികളോ ഉണ്ടായിരുന്നില്ല. പകരം എല്ലാവരും സേവകരായിരുന്നു. അവരോടും ഉത്തര്‍പ്രദേശിലെ ജനങ്ങളോടും ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ആദ്യത്തേതായ ശ്രീ സോമനാഥനെ ഞാന്‍ ഉടന്‍ സന്ദര്‍ശിക്കും. ഈ കൂട്ടായ ദേശീയ പരിശ്രമങ്ങളുടെ ഫലം ഭഗവാന് സമര്‍പ്പിക്കുകയും ഓരോ ഭാരതീയനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: