കോട്ടയം: വാഹന പുക പരിശോധനാ വെബ്സൈറ്റ് പണിമുടക്കില്‍. ഇതോടെ സംസ്ഥാനത്തെ പുക പരിശോധനാ കേന്ദ്രങ്ങള്‍ നിശ്ചലമായി. പരിവഹന്‍ സോഫ്ട്വെയറിലെ തകരാറാണ് കാരണം. നാലുദിവസമായി തുടര്‍ച്ചയായി പരിവഹന്‍ വെബ് സൈറ്റ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. ഇതോടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നിരവധി വാഹന ഉടമകള്‍ വെട്ടിലായി.
കേരളാ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരെ വിവരം അറിയിച്ചപ്പോള്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മേല്‍ പഴിചാരി തലയൂരുകയാണ്. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വന്നാല്‍ എംവിഡി, പോലീസ് വാഹന പരിശോധനയില്‍ പിഴ നല്‍കേണ്ടി വരുന്നത് രണ്ടായിരം രൂപയാണ്. ഇതാണ് വാഹന ഉടമകളെ കുഴപ്പിക്കുന്നത്.
പരാതിപ്പെട്ട പുകപരിശോധന കേന്ദ്രങ്ങളോട് കേരള എംവിഡി അധികൃതര്‍ നല്കിയ മറുപടി, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള എന്‍ഐസി(നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍)യാണ് വാഹന പുക പരിശോധനയ്ക്കുള്ള സോഫ്റ്റ് വെയര്‍ നിര്‍മിച്ചതും പരിപാലിക്കുന്നതും. അതിനാല്‍ എന്‍ഐസിയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടാനാണ്. എന്‍ഐസി അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ സോഫ്ട്വെയര് അപ്ഡേഷനില്‍ വന്ന പിഴവ് മൂലമാണ് വെബ്സൈറ്റ് ലഭിക്കാത്തത് എന്നാണ് മറുപടി. തകരാര്‍ എന്നത്തേക്ക് പരിഹരിക്കപ്പെടുമെന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് അംഗീകൃത പുകപരിശോധന കേന്ദ്രങ്ങളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നത്.
ചെറുതും വലുതുമായ വാഹനങ്ങളുടെ പുക പരിശോധിച്ച് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം നിരവധി ഉടമകള്‍ ഭീമമായ തുക ഇതിനകം പിഴയായി നല്‍കേണ്ടി വന്നിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്കും ഹാജരാക്കാന്‍ സാധിക്കുന്നില്ല. അതിനാല്‍ ഹെവി വെഹിക്കിള്‍ ഉടമകളും പ്രതിസന്ധിയിലാണ്. ഏകീകൃത വെബ്സൈറ്റായതിനാല്‍ വാഹന രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള സേവനങ്ങളിലും തടസം നേരിട്ടിരിക്കുകയാണ്.
ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതിനുശേഷം ഇടയ്ക്കിടെ തടസങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തന രഹിതമാകുന്നത് ആദ്യമായിട്ടാണ്. പരിവഹന്‍ സൈറ്റില്‍ ഓരോ പുക പരിശോധനാ കേന്ദ്രത്തി
നും ഓപ്പണാക്കാന്‍ ഒരു കോഡും ഐഡിയും ഉണ്ട്. ഇത് തുറന്നാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ പാസ്വേര്ഡ് നല്കിയാല് സൈറ്റ് ലോഡാവുകയല്ലാതെ തുറന്നു വരുന്നില്ല. അതിനാല്‍ വാഹനത്തിന്റെ ചിത്രം ഉള്‍പ്പടെ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പുകപരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: