കൊച്ചി: ശരാശരി താപനില 37 ഡിഗ്രിക്ക് മുകളിലെത്തിയതോടെ ചൂടിലുരുകി മലയോര നാട്. ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കണ്ണൂര്‍ എയര്‍പോര്‍ട്ടിലാണ്, 39 ഡിഗ്രി സെല്‍ഷ്യസ്. ഏതാനും ആഴ്ചയായി സംസ്ഥാനത്താണ് രാജ്യത്തെ ഏറ്റവും കൂടിയ താപനില പലപ്പോഴും രേഖപ്പെടുത്തുന്നത്.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം താപതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ചൂടിന് കാര്യമായ കുറവുണ്ടായിട്ടില്ല. നാല് ഡിഗ്രി വരെ താപനില ഉയരുന്നതാണ് താപതരംഗം. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 2 മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇതിന്റെ ഭാഗമായി മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രിയും മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളില്‍ 37 ഡിഗ്രിയും കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസും വരെ താപനില എത്തുമെന്നാണ് പ്രവചനം. ഔദ്യോഗീകമായി വേനല്‍ക്കാലം ആരംഭിക്കുക മാര്‍ച്ച് ഒന്നിനാണെന്നിരിക്കെ ചൂടേറുന്നത് വിവിധ ജോലികളിലേര്‍പ്പെടുന്ന സാധാരണക്കാര്‍ക്കിടയില്‍ ആശങ്കയാകുന്നുണ്ട്. പകല്‍സമയത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് എല്ലായിടത്തും.
ആഗോളമഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്റെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്ത അതിമര്‍ദ്ദ മേഖലയില്‍ നിന്ന് ചൂട് വഹിച്ചുകൊണ്ട് വരുന്ന കാറ്റാണ് നിലവിലെ താപനില വര്‍ധനവിന് കാരണം. ഇതിനൊപ്പം കേരളത്തിലെ അതിവേഗത്തിലുള്ള നഗരവത്കരണവും ആഗോളതാപനവുമെല്ലാം ചേരുന്നതോടെ നഗരമേഖലയില്‍ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വീണ്ടുമുയരും. മലയോര മേഖലകളില്‍ രാത്രിക്കാലത്ത് തണുപ്പ് തുടരുന്നത് മാത്രമാണ് ആശ്വാസം. ചൂടേറിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കൂടുകയാണ്. ചൊവ്വാഴ്ച 94.7998 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ 57 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.
നാളെ മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയെത്തുമെന്നാണ് പ്രവചനം. മാര്‍ച്ച് 3 വരെ ഇടവിട്ട് മഴ തുടരും. തെക്കന്‍ മേഖലകളിലാകും മഴ കൂടുതല്‍ ശക്തമാകുക. 28ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുണ്ട്. ഉച്ചയോടെ ഈ ജില്ലകളില്‍ പലയിടത്തും മഴ ആരംഭിക്കും. മധ്യകേരളത്തില്‍ രാത്രിയിലും ചിലയിടങ്ങളില്‍ മഴ സാധ്യതയുണ്ട്. ഇടുക്കിയിലടക്കം മലയോര മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയയിരിക്കും അധികനേരം നീണ്ട് നില്‍ക്കുക. മഴയ്‌ക്കൊപ്പം കാറ്റ് നാശം വിതയ്‌ക്കാനുള്ള സാധ്യതയും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: