ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി.) ബസുകളില്‍ പുരുഷന്മാർക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാൻ നിർദേശം.സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ മിക്കപ്പോഴും ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്തതിനെതിരേ മൈസൂരു നിവാസിയായ വിഷ്ണുവർധനാണ് അധികൃതർക്ക് പരാതിനല്‍കിയത്.
തുടർന്ന് കെ.എസ്.ആർ.ടിസി. മൈസൂരു സിറ്റി ഡിവിഷണല്‍ കണ്‍ട്രോളർ എച്ച്.ടി. വീരേഷ് അവർക്ക് അർഹമായ സീറ്റുകളില്‍ പുരുഷന്മാർ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബസ് ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്.’ശക്തി’പദ്ധതി നടപ്പിലാക്കിയതിനുശേഷം 50 ശതമാനം സീറ്റുകള്‍ പുരുഷന്മാർക്ക് സംവരണം ചെയ്യണമെന്ന് സർക്കാർ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് സ്ഥിരമായി നടപ്പിലായിരുന്നില്ല. ഇനിമുതല്‍ കൃത്യമായി ഈ നിർദേശം പാലിക്കണമെന്നാണ് വീരേഷിന്റെ ഉത്തരവ്. പ്രശ്നംപരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ സമർപ്പിക്കാനും ജീവനക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി മുതല്‍ മുൻവശത്തെ രണ്ടുഭാഗത്തുമുള്ള പകുതിസീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണംചെയ്യും. പിൻസീറ്റുകള്‍ പുരുഷന്മാർക്ക് മാത്രമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: