ബെംഗളൂരു: പൂനെ – ബെംഗളൂരു റൂട്ടിലെ യാത്ര ഉടന്‍ ഏഴുമണിക്കൂറായി കുറയും. ഇരുനഗരങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗപാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നിലവില്‍ പൂനെയ്‌ക്കും ബെംഗളൂരുവിനും ഇടയിലുള്ള റോഡ് യാത്രാ സമയം ഏകദേശം 15 മണിക്കൂറിനടുത്താണ് 850 കിലോമീറ്ററാണ് ദൂരം. എന്നാല്‍ പൂനെ-ബെംഗളൂരു എക്‌സ്പ്രസ് വേ വരുന്നതോടെ ഇരുനഗരങ്ങള്‍ക്കും ഇടയുള്ള യാത്രാ സമയം 7 മണിക്കൂറായി ചുരുങ്ങും.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ സാധിക്കുന്ന വിധത്തിലുള്ള പാതയുടെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത് 50,000 കോടി രൂപയാണ്. ഭാരത്മാല പരിയോജന പദ്ധതി യുടെ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന പൂനെ- ബെംഗളൂരു എക്‌സ്പ്രസ് വേ ആറുവരി പാതയാണ്. കൂടാതെ പൂനെയിലെ പൂനെ-മുംബൈ എക്‌സ്പ്രസ് വേയുമായി ഇത് ബന്ധിപ്പിക്കും. ഇതോടെ ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയും എളുപ്പമാകും. മഹാരാഷ്‌ട്രയിലെയും കര്‍ണാടകയിലെയും 12 ജില്ലകളിലൂടെ പൂനെ- ബെംഗളൂരു എക്‌സ്പ്രസ് വേ കടന്നുപോകും. ഇതില്‍ മൂന്നെണ്ണം മഹാരാഷ്‌ട്രയിലേയും ഒന്‍പതെണ്ണം കര്‍ണാടകയിലെയും ജില്ലകളാണ്.
2028ല്‍ അതിവേഗ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. പൂനെ-ബെംഗളൂരു എക്‌സ്പ്രസ് വേ നിര്‍ദിഷ്ട പൂനെ റിംഗ് റോഡില്‍ നിന്നാരംഭിക്കുന്നു.
ഇത് മഹാരാഷ്‌ട്രയിലെ പൂനെ ജില്ല, സത്താര ജില്ല, സാംഗ്ലി എന്നിവ കടന്നാണ് കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നത്. ബെളഗാവി, ബാഗല്‍കോട്ട്, ഗദഗ്, കൊപ്പാള്‍, വിജയനഗര, ദാവന്‍ഗെരെ, ചിത്രദുര്‍ഗ, തുമകുരു, ബെംഗളൂരു റൂറല്‍ ജില്ലകളിലൂടെ കടന്നുപോകുന്ന അതിവേഗ പാത നിര്‍ദ്ദിഷ്ട സാറ്റലൈറ്റ് റിംഗ് റോഡില് അവസാനിക്കുന്നവിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ദേശീയപാത 48 ന് ഒരു ബദല്‍ റൂട്ടായി പാത പ്രവര്‍ത്തിക്കുമെന്നതും എക്‌സ്പ്രസ് വേയുടെ മറ്റൊരു സവിശേഷതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: