ന്യൂദല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ജോഹന്നാസ്ബര്‍ഗില്‍ ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ ചര്‍ച്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോയപ്പോഴും ഇത്തരം ഒത്തുചേരലുകള്‍ ആശയ വിനിമയത്തിന് അവസരം നല്‍കിയതായി ഡോ.എസ്. ജയശങ്കര്‍ വ്യക്തമാക്കി.
കഴിഞ്ഞ നവംബറില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരുവരും വിലയിരുത്തി. അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തിയും നിലനിര്‍ത്തല്‍, കൈലാസം – മാനസരോവര്‍ യാത്ര പുനരാരംഭിക്കല്‍, നേരിട്ടുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കല്‍, യാത്രാ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വിദേശകാര്യവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കഴിഞ്ഞമാസം നടത്തിയ ബീജിങ് സന്ദര്‍ശനത്തിനിടെ കൈലാസം, മാനസസരോവര്‍ യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 18 ന് റിയോ ഡി ജനീറോയിലെ ജി 20 ഉച്ചകോടിയ്ക്കിടെയാണ് ജയശങ്കറും വാങ് യിയുമായി അവസാനം കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: