അമ്പലപ്പുഴ: വില്ലേജ് അധികൃതരടെ മൗനാനുവാദത്തോടെ പുറക്കാട് വിവിധ പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു. പുറക്കാട് വില്ലേജ് അതിര്‍ത്തിയിലാണ് അനധികൃത നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. തോട്ടപ്പള്ളി, കൊട്ടാരവളവ്, പുറക്കാട്. പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ വില്ലേജ് ഓഫീസര്‍ ചുമതലയേറ്റ ശേഷം വ്യാപക നിലം നികത്തലാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
ചില ഉദ്യോഗസ്ഥര്‍ വന്‍ തുക കൈക്കൂലി വാങ്ങിയാണ് നിലം നികത്തലിന് മൗനാനുവാദം നല്‍കുന്നതെന്നാണ് വിമര്‍ശനം. കൈക്കൂലി നല്‍കാത്ത നിലമുടമകളുടെ സ്ഥലങ്ങളില്‍ മാത്രമാണ് പരിശോധനക്കായി എത്തുന്നത്. തോട്ടപ്പള്ളി പ്രദേശത്ത് ഏക്കറുകണക്കിന് നിലമാണ് വന്‍കിടക്കാര്‍ നികത്തുന്നത്.കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ ഉള്‍പ്പെടെയാണ് ഭൂ മാഫിയ നികത്തിയെടുക്കുന്നത്. പലരും ഇതിനെതിരെ ജില്ലാ കളക്ടര്‍, ആര്‍ഡിഒ എന്നിവര്‍ക്ക് നല്കിയ പരാതിയെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് നടപ്പാക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാകാതെ വീണ്ടും നിലം നികത്തലിന് കൂട്ടുനില്‍ക്കുകയാണ്.
പരാതി ലഭിച്ചാല്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി മടങ്ങുകയാണ് പതിവ്. വില്ലേജ് ഓഫീസറിനെതിരെ വ്യാപക പരാതി നിരന്തരമുയര്‍ന്നിട്ടും വിജിലന്‍സോ റവന്യു വകുപ്പോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വില്ലേജ് ഓഫീസിലെത്തുന്നവരോട് വളരെ മോശമായാണ് വില്ലേജ് ഓഫീസര്‍ പെരുമാറുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഭരണ കക്ഷി യൂണിയന്റെ പിന് ബലത്തോടെയാണ് നിലം നികത്തല്‍ വ്യാപകമായി നടക്കുന്നത്. തടയേണ്ട വില്ലേജ് ഓഫീസ് അധികാരികള്‍ ഒത്താശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: