പ്രയാഗ്രാജ്: ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 50 കോടിയിലധികം ഭക്തര്‍ പുണ്യ സ്നാനം ചെയ്ത മഹാകുംഭമേളയില്‍ ശുചിത്വം ഉറപ്പാക്കുന്നതില്‍ ആണവ സാങ്കേതികവിദ്യ നിര്‍ണായക പങ്കുവഹിച്ചെന്ന് കേന്ദ്ര ബഹിരാകാശ, ആണവോര്‍ജ മന്ത്രി ജിതേന്ദ്ര സിങ്. ഞായറാഴ്ച ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററും (ബിഎആര്‍സി) ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ ആറ്റോമിക് റിസര്‍ച്ചും (ഐജിസിഎആര്‍) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടര്‍ (എച്ച്ജിഎസ്ബിആര്‍) ഉപയോഗിച്ചാണ് മലിനജലം സംസ്കരിച്ചത്.
മലിനജലം സംസ്കരിക്കാന്‍ സൂക്ഷ്മാണുക്കളെയാണ് പ്ലാന്റുകള്‍ ഉപയോഗിക്കുന്നത്. ‘ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ആണവോര്‍ജ്ജ വകുപ്പിലെ ഡോ. വെങ്കിട് നെഞ്ചരയ്യ ആണ് വികസിപ്പിച്ചെടുത്തത്. സംസ്കരിച്ച ജലം തിരികെ വിടുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നെന്നും ഇത് ഉറപ്പാക്കുന്നുണ്ട്.
കുംഭമേളയിലെ 9, 13, 15 സെക്ടറുകളില്‍ എച്ച്ജിഎസ്ബിആര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൂന്ന് താത്ക്കാലിക മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. ഓരോ പ്ലാന്റിനും പ്രതിദിനം 500 കിലോ ലിറ്റര്‍ സംസ്കരണ ശേഷിയുണ്ട്. താത്ക്കാലിക ടോയ്ലറ്റുകളില് നിന്നും ഡ്രെയിനുകളില്‍ നിന്നുമുള്ള മലിനജലം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഏകദേശം 11 സ്ഥിരം മലിനജല ശുദ്ധീകരണ പ്ലാന്റുകളും മൂന്ന് താല്‍ക്കാലിക പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്ററിലധികം മലിനജലം സംസ്കരിക്കുന്നു.
പരിസര ശുചിത്വം ഉറപ്പാക്കാന്‍ പ്രദേശത്ത് 1.5 ലക്ഷം ശൗചാലയങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ 200 ലധികം വാട്ടര്‍ ഡിസ്പെന്‍സിങ് മെഷിനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: