പാലക്കാട്: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിനെതിരെയും ഗുരുതര ആരോപണം. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പണം വാങ്ങിയെന്നാണ് പരാതി. നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗമായ പ്രീതി രാജനാണ് തങ്ങളിൽ നിന്നും പണം വാങ്ങിയതെന്നും വീട്ടമ്മമാർ പറയുന്നു. ജനതാദൾ (എസ്) അംഗമായ പ്രീതി രാജനെതിരെയാണു കൂടുതൽ പരാതികളുള്ളത്.
നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, തത്തമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം വനിതകളാണു തട്ടിപ്പിന് ഇരകളായിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നൂറോളം പരാതികളാണു ചിറ്റൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. പകുതി വിലയ്ക്ക് സ്കൂട്ടർ കിട്ടുമെന്ന് പറഞ്ഞ് മന്ത്രിയുടെ പാർട്ടിയിലെ ഭാരവാഹികളും പഞ്ചായത്തംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് തങ്ങളെ സമീപിച്ചതെന്നും വീട്ടമ്മമാർ പറയുന്നു.
സർക്കാർ പദ്ധതിയെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്നും വീട്ടമ്മമാർ പറയുന്നു.പണം നൽകാൻ പോയപ്പോൾ മന്ത്രി അവിടെ ഉണ്ടായിരുന്നതായും അടുത്ത മുറിയിലെത്തിയാണു പണം കൈമാറിയതെന്നും പരാതിക്കാരിൽ ചിലർ പറഞ്ഞു. പണമിടപാട് നടന്നതു മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചായതിനാലാണു കൂടുതൽ വിശ്വാസം തോന്നിയതെന്നും വീട്ടമ്മമാർ പറയുന്നു.
അതേസമയം, പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് തന്റെ ഓഫിസ് ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉയർന്നപ്പോൾ തന്നെ പൊലീസിൽ പരാതി നൽകാനുള്ള ഇടപെടലുകൾ നടത്തിയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: