ലഖ്‌നൗ : പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ അന്ത്യോദയ എന്ന ദർശനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാകുന്നുണ്ടെന്ന് യോഗി പറഞ്ഞു.
കൂടാതെ മഹാ കുംഭമേളയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും മുഖ്യമന്ത്രി യോഗി ശക്തമായ മറുപടിയാണ് നൽകിയത്. ജീവിതകാലം മുഴുവൻ വിവിഐപി ചികിത്സ സ്വീകരിച്ചുകൊണ്ടിരുന്ന ആളുകൾ ഇന്ന് മഹാ കുംഭമേളയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് യോഗി പറഞ്ഞു. പ്രയാഗ്‌രാജിൽ 29 ദിവസത്തിനുള്ളിൽ 45 കോടി ഭക്തർ സംഗമത്തിൽ പുണ്യസ്നാനം നടത്തിയെന്നും ഇത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ലോകത്ത് മറ്റൊരു രാജ്യത്തും 45 കോടി ജനസംഖ്യയില്ലെന്ന് അദ്ദേഹം പറഞ്ഞു. 45 കോടിയിലധികം ഭക്തർ ഒരു നഗരത്തിൽ വന്ന് ഒരു സ്‌നാനം ചെയ്യുന്നതിനേക്കാൾ വലുതായി മറ്റെന്താണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വിഐപി ബാത്ത് എന്ന ചടങ്ങുമായി ബന്ധപ്പെടുത്തി ചിലർ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ജാതി, മതം, ഭാഷ, പ്രദേശം എന്നിവയുടെ വ്യത്യാസങ്ങൾ ഇല്ലാതാക്കി എല്ലാ ഭക്തരും ഒന്നിച്ചുചേരുന്ന ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും സംഗമമാണ് മഹാ കുംഭമേളയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ആരാണ് നിഷേധാത്മകത പ്രചരിപ്പിക്കുന്നത്. ജീവിതകാലം മുഴുവൻ വിവിഐപി ചികിത്സ സ്വീകരിച്ച് ഭാവി തലമുറയ്‌ക്കായി ഒരു വഴിയും തുറക്കാൻ ശ്രമിക്കാത്ത അതേ ആളുകൾ തന്നെയാണ് ഇവർ. ഇവരാണ് എപ്പോഴും ഇന്ത്യയ്‌ക്കും സനാതനത്തിനും എതിരായി നിഷേധാത്മകത സൃഷ്ടിച്ച് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
അതേ സമയം സമൂഹത്തിന്റെ അവസാന പടിയിലുള്ള വ്യക്തിയുടെ ക്ഷേമവും വികസനവും പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ സ്വപ്നമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ പണ്ഡിറ്റ് ഉപാധ്യായയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയാണ്.
ഏതൊരു രാജ്യത്തിന്റെയും പുരോഗതി അളക്കേണ്ടത് ഉയർന്ന തലത്തിൽ നിൽക്കുന്ന വ്യക്തിയുടെ അഭിവൃദ്ധി കൊണ്ടല്ല, മറിച്ച് അവസാന നിരയിൽ നിൽക്കുന്ന വ്യക്തിയുടെ ജീവിത നിലവാരം കൊണ്ടാണെന്ന് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ അഭിപ്രായപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ചിന്തയെ കേന്ദ്രത്തിൽ നിലനിർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം നൽകിയത്. മുൻ സർക്കാരുകൾ ദാരിദ്ര്യ നിർമാർജനത്തിനായി വലിയ മുദ്രാവാക്യങ്ങൾ നൽകിയിരുന്നു. എന്നാൽ ദരിദ്രരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു എന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു.
അതേസമയം, കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി പ്രവർത്തിച്ചു. ഇതിനിടയിൽ, പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, ശൗചാലയ നിർമ്മാണം, ജൽ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തു.
ഇതുവരെ 4 കോടി ദരിദ്രർക്ക് വീടുകൾ ലഭിച്ചു, 12 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു, 10 കോടി ആളുകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചു, 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: