തിരുവനന്തപുരം: കാര്യവട്ടത്തിന് സമീപം ഗുരുമന്ദിരം റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ പെട്രോള്‍ മോഷ്ടിക്കുന്ന സംഘം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ ഊറ്റിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ച് ശ്രീകാര്യം പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ സംഘത്തെ പോലീസ് വിട്ടയച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു.
മാസങ്ങളായി ഈ ഭാഗങ്ങളില്‍ രാത്രി ബൈക്കുകളില്‍ എത്തുന്ന സംഘം പാങ്ങപ്പാറ ശ്രീനാരായണ ഗുരുമന്ദിരം മുതല്‍ കുറ്റിച്ചല്‍ വരെയുള്ള റോഡ് വക്കില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളുടെ ഇന്ധനട്യൂബ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം പെട്രോള്‍ പൂര്‍ണമായും ഊറ്റിയെടുക്കുകയാണ് പതിവ്. മാസങ്ങള്‍ക്കു മുമ്പ് പാങ്ങപ്പാറ ശ്രീനാരായണഗുരു മന്ദിരത്തിനു മുന്നിലെയും സമീപപ്രദേശങ്ങളിലെയും സിസി ടിവി ക്യാമറയില്‍ പെട്രോള്‍ ഊറ്റുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ആളിന്റെ മുഖം വ്യക്തമല്ലാത്തതിനാല്‍ പിടികൂടാന്‍ കഴിഞ്ഞില്ല.
ഞായറാഴ്ച പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ രണ്ട് സ്ത്രീകളുള്‍പ്പെടെയുള്ള നാലംഗ സംഘം ദേശീയപാതയ്ക്ക് സമീപം ബൈക്ക് ഒതുക്കിവച്ച ശേഷം കന്നാസുമായി വന്ന് പാങ്ങപ്പാറ ഗുരുമന്ദിരം റോഡില്‍ ഒതുക്കി വച്ചിരുന്ന ഇരുചക്രവാഹനത്തില്‍ നിന്നും പെട്രോള്‍ ഊറ്റാനായി ശ്രമിക്കുമ്പോഴാണ് വാഹനത്തില്‍ കിടന്നുറങ്ങിയ യുവാക്കള്‍ നാട്ടുകാരെ അറിയിക്കുകയും നാട്ടുകാര്‍ ശ്രീകാര്യം പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തത്. പൊലീസ് എത്തിയെങ്കിലും വനിതാ പോലീസ് ഇല്ല എന്ന കാരണത്താല്‍ രണ്ട് യുവതികളെ ഒഴിവാക്കി മറ്റ് രണ്ട് പേരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
കസ്റ്റഡിയില്‍ എടുത്ത യുവാക്കള്‍ പെട്രോള്‍ ഊറ്റിയെന്നതില് വ്യക്തതയില്ലെന്നും പെട്രോള്‍ ഊറ്റിയെന്ന പരാതിയുമായി ആരും എത്തിയില്ല എന്ന കാരണത്താല്‍ വിലാസം പോലും രേഖപ്പെടുത്താതെ വിട്ടയച്ചുവെന്നും നാട്ടുകാര്‍ പറയുന്നു. ഈ റോഡില്‍ രാത്രികാല പട്രോളിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: