ന്യൂദല്‍ഹി: ജനുവരിയില്‍ മാത്രം ഭാരതത്തില്‍ ഇലക്ട്രിക് വാഹന വില്പനയില് 19.4 ശതമാനത്തിന്റെ വര്‍ധന. ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് (എഫ്എഡിഎ) പുറത്തുവിട്ട ഇലക്ട്രിക് വാഹനങ്ങളുടെ മാസം തോറുമുള്ള വില്പനയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
വാര്‍ഷികാടിസ്ഥാനത്തില്‍ 17.1 ശതമാനമാണ് വര്‍ധന. ഇതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന ജനുവരിയില്‍ 1,69,931 യൂണിറ്റായി. പാസഞ്ചര്‍ വാഹനങ്ങളുടെ പ്രതിമാസ വില്പനയില് ടാറ്റ മോട്ടോഴ്സ്, എംജി മോട്ടോഴ്സ്, മഹാന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹുണ്ടയ് മോട്ടോര്‍ എന്നിവ ഗണ്യമായ വളര്‍ച്ച കൈവരിച്ചു.
2024ന്റെ രണ്ടാംപകുതിയില്‍ ഇലക്ട്രിക് വാഹന വില്പനയില് വന്‍ വര്‍ധനവുണ്ടായി. ഒക്ടോബറില്‍ 2,19,482 യൂണിറ്റ് വ്ല്പനയുണ്ടായി. 2024ലെ ഏറ്റവുമുയര്‍ന്ന പ്രതിമാസ കണക്കാണിത്. നവംബറില്‍ 1,92,575, ഡിസംബറില്‍ 1,32,302 യൂണിറ്റുമായിരുന്നു വില്പന. പ്രതിമാസ വില്പന വര്‍ഷം മുഴുവന്‍ ഒരുലക്ഷത്തിന് മുകളിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അടുത്തിടെ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ ഇലക്ട്രിക് വാഹന വിപണിക്ക് ഉത്തേജനമായതായി എഫ്എഡിഎ പ്രസിഡന്റ് സി.എസ്. വിഘ്നേശ്വര്‍ പറഞ്ഞു. ഈ വര്‍ഷം 30 ലധികം ഇലക്ട്രിക് വാഹനങ്ങള്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ വിപണി വിഹിതത്തിലും വര്‍ധനവ് പ്രതീക്ഷിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: