കോട്ടയം: ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിമാരിൽ ഒരാളായ വിദ്യാനന്ദ സ്വാമി മഠം ശാഖാ സ്ഥാപനമായ കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച കാലം കോട്ടയം ജില്ലയിലെ ശ്രീനാരായണ വിശ്വാസികളിലും പ്രസ്ഥാനങ്ങളിലും പൊതുസമൂഹത്തിലും നിറഞ്ഞുനിന്നിരുന്നു. ഗുരുദേവ ദർശന പ്രചരണാർത്ഥം ജില്ലയിലെ എസ് .എൻ. ഡി. പി ശാഖകൾ, ഗുരുമന്ദിരങ്ങൾ, ഗുരുദേവ പ്രസ്ഥാനങ്ങൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവിടങ്ങളിൽ സ്വാമിയുടെ സജീവ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. നല്ലൊരു ഗായകൻ കൂടിയായിരുന്നു സ്വാമി സ്വന്തമായി രചിച്ച ഗുരുദേവ ഭക്തിഗാനങ്ങൾ നിറഞ്ഞ സദസ്സിൽ ആലപിക്കുമ്പോഴൊക്കെയും വിശ്വാസികളിൽ ഭക്തിയും കൗതുകവും ഉണർത്തിയിരുന്നു.
ശ്രീനാരായണ കൺവെൻഷനുകളിലൂടെ പ്രശസ്തി ആർജിച്ചതും ഗുരുദേവന്റെ കരങ്ങളിൽ നിന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വീകരിച്ച് പ്രവർത്തനം ആരംഭിച്ച തൃക്കോതമംഗലം എസ്.എൻ.ഡി.പി ശാഖാ ഗുരുക്ഷേത്രത്തിൽ ഉൾപ്പെടെ നിരവധി ഗുരുമന്ദിരങ്ങളിൽ ഗുരുദേവ പ്രതിഷ്ഠാ കർമ്മവും സ്വാമി നിർവഹിക്കുകയുണ്ടായി. ഗുരുദേവ പാദസ്പർശം ഏറ്റ ചങ്ങനാശ്ശേരി ആനന്ദാശ്രമം, കോട്ടയം നാഗമ്പടം ക്ഷേത്രം, വൈക്കം ഉല്ലല ക്ഷേത്രം, കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രം, പാലാ ഇടപ്പാടി ക്ഷേത്രം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചും സ്വാമി പ്രഭാഷണങ്ങളും പ്രാർത്ഥനാ യോഗങ്ങളും നടത്തുക പതിവായിരുന്നു.
ഗുരുധർമ്മ പ്രചരണ സഭയുടെ ജില്ലയിലെ ശ്രീനാരായണ ധർമ്മമീ മാംസ പരിഷത്തുകളിൽ സ്വാമി മുടങ്ങാതെ പഠന ക്ലാസ് നയിച്ചിരുന്നു. ഗുരുദേവ കൃതികൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക ഗായകസംഘവും രൂപീകരിച്ചിരുന്നു. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിന്റെ വികസന കാര്യത്തിനും ആശ്രമ സ്ഥാപകൻ ശ്രീനാരായണ തീർത്ഥ സ്വാമിയുടെ ജയന്തി ആഘോഷവും സമാധി ആചരണവും ഭക്തിനിർഭരമായി നടത്തുന്നതിൽ സ്വാമി ഏറെ ശ്രദ്ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: