രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റ് പ്രത്യക്ഷത്തില്‍ തന്നെ നിരാശാജനകമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഇനി വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമാണ് അവതരിപ്പിക്കുക. ധനമന്ത്രി എന്ന നിലയ്ക്ക് അഞ്ചാമത്തെ ബജറ്റ് അവതരണത്തിലും പതിവുരീതിയില്‍ പ്രഖ്യാപനങ്ങളുടെ ഘോഷയാത്ര തന്നെയാണ് കെ. എന്‍. ബാലഗോപാലില്‍ നിന്നു ഉണ്ടായിരിക്കുന്നത്. ശരിയായ രീതിയിലുള്ള ഒരു ബജറ്റാണിത് എന്നു പോലും പറയാനാവില്ലെന്ന വിമര്‍ശനം സാമ്പത്തിക വിദഗ്ധരില്‍നിന്ന് ഉയര്‍ന്നു കഴിഞ്ഞു. വരവിനെക്കുറിച്ചും ചെലവിനെക്കുറിച്ചും ഉല്‍ക്കണ്ഠയൊന്നുമില്ലാതെ പൊള്ളക്കണക്കുകളും അശാസ്ത്രീയമായ വീതംവയ്പ്പുമാണ് ബാലഗോപാല്‍ നടത്തിയിരിക്കുന്നത്. വിഭവസമാഹരണം എവിടെ നിന്നാണെന്നും, വികസന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാതെയുള്ള സാമ്പത്തിക പ്രഭാഷണമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. അതേസമയം ധനമന്ത്രിയുടെ പാര്‍ട്ടിക്കാരിലേക്കും സഹയാത്രികരിലേക്കും പണം ഒഴുകിയെത്തുന്ന നിരവധി ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കാണുകയും ചെയ്യാം. മറ്റു ജില്ലകളെയൊക്കെ തഴഞ്ഞ് സ്വന്തം ജില്ലയായ കൊല്ലത്തിനും സിപിഎമ്മിന് സ്ഥാപിത താല്പര്യമുള്ള കണ്ണൂരിനും പ്രത്യേകം പരിഗണന നല്‍കുകയും ചെയ്തിരിക്കുന്നു.
ധനമന്ത്രിയായല്ല, പാര്‍ട്ടി നേതാവ് എന്ന നിലയ്ക്ക് ഉണര്‍ന്നിരുന്നാണ് ബാലഗോപാല്‍ ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കലാ സാംസ്കാരിക മേഖലയ്ക്കും സാമ്പത്തിക സാക്ഷരതാ വിദ്യാഭ്യാസത്തിനും കുടുംബശ്രീക്കും കൊച്ചി മുസിരിസ് ബിനാലെയ്ക്കും മാധ്യമ അവാര്‍ഡിനും മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിനും ഗ്രാമീണ കളരി സംഘത്തിനും എകെജി മ്യൂസിയത്തിനും മറ്റുമായി നീക്കി വച്ചിട്ടുള്ള കോടിക്കണക്കിന് രൂപ ഫലത്തില്‍ പാര്‍ട്ടി അണികളിലേക്കാവും ഒഴുകിയെത്തുക. സംസ്ഥാനം സാമ്പത്തികമായി മുടിഞ്ഞാലും പാര്‍ട്ടിക്കാര്‍ക്ക് പണമില്ലാത്ത അവസ്ഥ വരരുതെന്ന തീരുമാനമാണ് ഇതിന് പിന്നിലുള്ളത്. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന നവകേരള നിര്‍മ്മാണത്തിനുള്ള ആവേശകരമായ കുതിപ്പ് നല്കാന് ഉതകുന്ന ഇടപെടലാണ് ബജറ്റ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ എടുത്താല്‍ പൊങ്ങാത്ത അവകാശവാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിന്റെ വികസനത്തെയും ജനക്ഷേമത്തെയും ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്ന സമീപനമാണ് ബജറ്റിലെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ യാതൊരു തെളിവും കാണുന്നില്ല. സാമൂഹിക ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല. ക്ഷേമ പെന്‍ഷന്റെ മൂന്നുമാസത്തെ കുടിശിക മാത്രം നല്‍കുമെന്ന പ്രഖ്യാപനം നിരാശാജനകമാണ്. ഭൂനികുതിയും കോടതി ഫീസും വര്‍ധിപ്പിച്ചത് ജനങ്ങളെ പിഴിയും.
കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിക്കുന്നു എന്നായിരുന്നുവല്ലോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുറവിളി. എന്നാല്‍ വസ്തുത മറിച്ചാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മത്സ്യബന്ധന മേഖലയിലും കയര്‍മേഖലയിലും കാര്‍ഷിക മേഖലയിലും വിദ്യാഭ്യാസമേഖലയിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന പണം കേരളത്തിന് വന്‍തോതില്‍ ഗുണം ചെയ്യുന്നതാണ്. ഈ മേഖലകളില്‍ സംസ്ഥാന ബജറ്റ് നീക്കിവെച്ചിരിക്കുന്നതിനേക്കാള് വളരെയധികം പണം കേന്ദ്ര ബജറ്റില്‍ നിന്ന് ലഭിക്കുമെന്നതാണ് വാസ്തവം. കേന്ദ്ര-സംസ്ഥാന ബജറ്റുകളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തെ അവഗണിച്ചിരിക്കുന്നത് ഇടതുമുന്നണി സര്‍ക്കാര്‍ തന്നെയാണെന്ന് പറയേണ്ടിവരും. ഇടതുമുന്നണി ഭരണത്തില്‍ സംസ്ഥാനത്തെ വ്യവസായ രംഗം മുരടിക്കുക മാത്രമല്ല, വ്യവസായത്തിന്റെ ശവപ്പറമ്പായി സംസ്ഥാനം മാറിയിരിക്കുകയുമാണ്. ഒന്‍പത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തിനിടെ ശ്രദ്ധേയമായ ഒരു വ്യവസായ സംരംഭം പോലും കേരളത്തില്‍ പുതുതായി വന്നില്ല. കുടിവെള്ളമൂറ്റിയും മദ്യം ഉത്പാദിപ്പിക്കാന്‍ പാലക്കാട് സ്വകാര്യ കമ്പനിക്ക് അനുവാദം നല്കിയതു മാത്രമാണ് ഏക അപവാദം. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു എന്ന ബജറ്റ് പ്രസംഗത്തിലെ അവകാശവാദം കാപട്യമാണ്. ഓരോ ദിവസവും തള്ളിനീക്കാന്‍ പാടുപെടുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ കാണുന്നില്ല. അതിന്റെ ഫലം ജനങ്ങള്‍ കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടിവരും എന്നു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: