ധാക്ക : ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാർ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം രാജ്യം വിപണി അസ്ഥിരതയും ഉയർന്ന പണപ്പെരുപ്പവും നേരിടുന്നതായും റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള പലചരക്ക് കടകളിൽ ബ്രാൻഡഡ് കുപ്പി എണ്ണ, ബ്രാൻഡഡ് അല്ലാത്ത സോയാബീൻ എണ്ണ എന്നിവയുൾപ്പെടെയുള്ള പാചക എണ്ണയുടെ ക്ഷാമം നേരിടുന്നുണ്ട്.
ഈ ക്ഷാമം വില വർദ്ധനവിന് കാരണമായിയെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറക്കുമതി ചെലവ് വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി പ്രാദേശിക ശുദ്ധീകരണശാലകൾ വില വർദ്ധനവ് ആവശ്യപ്പെട്ടിരുന്നു. റമദാനിന് മുന്നോടിയായി ഉൽപ്പാദകരും വിപണനക്കാരും സ്വീകരിച്ച തന്ത്രപരമായ വിലനിർണ്ണയ തന്ത്രങ്ങളാണ് സോയാബീൻ എണ്ണയുടെ വില വർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കുറഞ്ഞ കമ്മീഷനുകളും ചില്ലറ വിൽപ്പന മേഖലയിലെ ഡീലർമാർ കർശനമായ ക്രെഡിറ്റ് നയങ്ങളും ബംഗ്ലാദേശിലെ പ്രാദേശിക കടകളിൽ കുപ്പി എണ്ണ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാക്കി. 24 ലക്ഷം ടൺ വാർഷിക എണ്ണയുടെ ആവശ്യം ഉള്ള ബംഗ്ലാദേശ് ഏറിയ പങ്കും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
ഇപ്പോൾ കഴിഞ്ഞ മാസത്തേക്കാൾ ഒരു ശതമാനം വർധനവോടെ രാജ്യത്ത് കുപ്പി സോയാബീൻ എണ്ണ ലിറ്ററിന് 175 മുതൽ 176 വരെ വിലയ്‌ക്ക് വിൽക്കുന്നു. ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ബംഗ്ലാദേശ് (ടിസിബി) സമാഹരിച്ച ഡാറ്റ പ്രകാരം സോയാബീൻ എണ്ണയുടെ വില കഴിഞ്ഞ ആഴ്ചയിൽ 4 ശതമാനം വർദ്ധിച്ച് ലിറ്ററിന് 180 ടക്കിൽ നിന്ന് 182 ടക്കായി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശ്
കഴിഞ്ഞ വർഷം അക്രമാസക്തമായ വിപ്ലവത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചതിനെത്തുടർന്ന് ബംഗ്ലാദേശ് സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. രാജ്യത്ത് രാഷ്‌ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയാണ് നിലനിൽക്കുന്നത്. സമീപകാല സാമ്പത്തിക തിരിച്ചടിയിൽ സ്വിറ്റ്സർലൻഡും യുഎസും ബംഗ്ലാദേശിനുള്ള എല്ലാ ധനസഹായവും നിർത്തിവച്ചു.
കഴിഞ്ഞ മാസം അധികാരമേറ്റയുടനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബംഗ്ലാദേശിലേക്ക് വരുന്ന എല്ലാ യുഎസ് ധനസഹായവും നിർത്തിവച്ചു. ബംഗ്ലാദേശിലെ യുഎസ്എഐഡിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്‌ക്കാൻ നിർദ്ദേശിച്ചുകൊണ്ട് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് പാസാക്കിയിരുന്നു.
ഇതിനെത്തുടർന്ന് ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കാൻ സ്വിറ്റ്സർലൻഡും തീരുമാനിച്ചു. 2028 അവസാനത്തോടെ ബംഗ്ലാദേശ് ഉൾപ്പെടെ മൂന്ന് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വികസന പരിപാടികൾ അവസാനിപ്പിക്കാൻ സ്വിസ് ഏജൻസി ഫോർ ഡെവലപ്‌മെന്റ് ആൻഡ് കോ-ഓപ്പറേഷൻ (എസ്ഡിസി) തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: