പ്രയാഗ്രാജ് : ജനസംഖ്യാ അസന്തുലിതാവസ്ഥ, മയക്കുമരുന്ന് ആസക്തി, ലിവ് ഇന്‍ ടുഗദര്‍, കുടുംബങ്ങളിലെ മൂല്യശോഷണം തുടങ്ങിയ വെല്ലുവിളികളെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പ്രമേയം. കുംഭമേളാ നഗരിയില്‍ ചേര്‍ന്ന കേന്ദ്ര ഗവേണിങ് കൗണ്‍സില്‍ ട്രസ്റ്റി യോഗമാണ് ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്തത്.
ജനസംഖ്യാ അസന്തുലിതാവസ്ഥ ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ മാരകമാണെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന് പ്രയാഗ്രാജില് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദുജനസംഖ്യ കുറയുന്നത് ബഹുമുഖ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഹിന്ദുക്കള്‍ ഈ രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ രാജ്യത്തിന്റെ സ്വത്വവും നിലനില്‍പ്പും അപകടത്തിലാകും. ഈ സാഹചര്യം തടയണം.
വിവാഹങ്ങള്‍ വൈകുന്നതും ശോഭനമായ ഭാവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ ആശയങ്ങളും കാരണം ഹിന്ദു ദമ്പതികളില്‍ കുട്ടികളുടെ എണ്ണം കുറയുകയാണ്. 25-ാം വയസില്‍ വിവാഹം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികള്‍ വളര്‍ച്ച സമ്പൂര്ണമാകണമെങ്കില് ഓരോ കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരിക്കണമെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ൂല്യങ്ങളുടെ അഭാവം മൂലം കുടുംബങ്ങളും ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാശ്ചാത്യ ഭൗതികവാദത്തിന്റെ വര്‍ധിക്കുന്ന സ്വാധീനവും അര്‍ബന്‍ നക്സല്‍ ഗൂഢാലോചനയും ആഗോള കോര്‍പ്പറേറ്റ് ഗ്രൂപ്പുകളും യുവാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇതുമൂലമാണ് വിവാഹേതര ബന്ധങ്ങളും ലിവ്-ഇന്‍ ബന്ധങ്ങളും കൂടുന്നതെന്ന് സുരേന്ദ്ര ജെയിന് പറഞ്ഞു.
സന്തുഷ്ട കുടുംബജീവിതം ഉറപ്പാക്കാനും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സാമൂഹികവും വൈകാരികവുമായ സുരക്ഷ നല്‍കാനും യുവാക്കളെ തനിമയിലേക്കും വേരുകളിലേക്കും മടങ്ങുകയാണ് പരിഹാരം.
രാജ്യത്ത് 16 കോടിയിലധികം ആളുകള്‍ മയക്കുമരുന്നിന് അടിമകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം നാടും ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ പ്രവര്‍ത്തിക്കണം. മയക്കുമരുന്ന് മാഫിയകളുടെയും തീവ്രവാദികളുടെയുംകൂട്ടുകെട്ട് തടയാന്‍ എല്ലാ സര്‍ക്കാരുകളും ആത്മാര്‍ത്ഥമായ നടപടികള്‍ കൈക്കൊള്ളണം, അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: