തമിഴകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അജിത് കുമാർ നായകനായെത്തിയ വിടാമുയർച്ചി. ഇന്ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന്റെ ആദ്യ ഷോ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തതും. ‘അജിത്തിന്റെ ബോക്സോഫീസ് തിരിച്ചു വരവ് ആണ്’ ചിത്രമെന്നാണ് എക്സിൽ നിറയുന്ന പ്രതികരണങ്ങൾ.
ഇപ്പോഴിതാ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓൺലൈൻ സൈറ്റുകളിൽ ചോർന്നതായാണ് റിപ്പോർട്ടുകൾ. 1080p, 720p, 480p എന്നീ HD റെസല്യൂഷനുകളിലാണ് ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നത്. ആദ്യ ദിനം തന്നെ ഓൺലൈനിൽ വ്യാജ പതിപ്പ് പ്രചരിക്കുന്നത് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷനെ തന്നെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് മുൻപ് ഗെയിം ചെയ്ഞ്ചർ, പുഷ്പ 2, മാർക്കോ, ബറോസ്, കങ്കുവ തുടങ്ങി നിരവധി സിനിമകളുടെ വ്യാജ പതിപ്പ് റിലീസ് ചെയ്ത ഉടനെ തന്നെ വിവിധ ഓൺലൈൻ സൈറ്റുകളിലെത്തിയിരുന്നു. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അജിത് – അർജുൻ – തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത്തിന്റെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ ആയിരിക്കും ചിത്രമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: