തൊഴിൽ അധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ ആഴ്ച ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവണ്മെന്റ് അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25. കോഴ്‌സിന്റെ സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2560333.
ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്സ്
സ്‌കോൾ-കേരള ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി/തത്തുല്യ കോഴ്‌സിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെയുള്ളതാണ് പ്രസ്തുത കോഴ്‌സ്. രോഗം, പ്രായാധിക്യം എന്നിവയാൽ അവശത അനുഭവിക്കുന്നവർക്ക് വീടുകളിൽ ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരെയും, ഹോംനഴസുമാരെയും വാർത്തെടുക്കുകയെന്നതാണ് കോഴ്‌സിന്റെ ലക്ഷ്യം. ഫെബ്രുവരി 5 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴയില്ലാതെ 25 വരെയും 100 രൂപ പിഴയോടെ മാർച്ച് 10 വരെയും ഫീസടച്ച് സ്‌കോൾ-കേരള വെബ്സ്റ്റ് മുഖേന (www.scolekerala.org) രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്‌കോൾ-കേരളയുടെ അതാത് ജില്ലാ ക്രന്ദ്രങ്ങളിലോ നേരിട്ട് അല്ലെങ്കിൽ സ്പീഡ്/രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം അയയ്‌ക്കണം. ജില്ലാകേന്ദ്രങ്ങളിലെ മേൽവിലാസവും, പഠനക്രേന്ദങ്ങളുടെ വിശദാംശങ്ങളും www.scolekerala.org വെബ്സൈറ്റിൽ ലഭ്യമാണ്.
ഭിന്നശേഷിക്കാർക്ക് സൗജന്യ പി എസ് സി പരിശീലനം
സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 6 മാസം ദൈർഘ്യമുള്ള സൗജന്യ പി.എസ്.സി കോച്ചിങ്ങ് നടത്തുന്നു. രാവിലെ 10 മുതൽ 12.30 വരെയാണ് പരിശീലനം. 18നും 40നും മദ്ധ്യേ പ്രായമുള്ള വിവിധ വിഭാഗം ഭിന്നശേഷിത്വമുള്ള എസ്.എസ്.എൽ.സി/ പ്ലസ് ടു/ ബിരുദം പാസായ ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 6ന് രാവിലെ 10.30ന് അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിനെത്തുന്ന വിദ്യാർഥികൾക്ക് യാത്രാബത്ത അനുവദിക്കുന്നതല്ല. ഉദ്യോഗാർഥികൾ ആധാർ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ കൊണ്ടുവരണം. വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2343618, 0471 2343241.
യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു
ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്‌ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്‌കാരത്തിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേർക്കാണ് പുരസ്‌കാരം നൽകുന്നത്. യുവപ്രതിഭാ പുരസ്‌കാര ജേതാക്കൾക്ക് 15000 രൂപയുടെ കാഷ് അവാർഡും ബഹുമതി ശിൽപ്പവും നൽകും. 18 നും40 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ [email protected] മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 8. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2308630.
അക്കൗണ്ട്സ് ഓഫീസർ നിയമനം
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C. A. Inter യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികയിലേക്ക് പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014. ഫോൺ : 0471 2322410.
കരാർ നിയമനം
തൃശൂർ ജില്ലയിലെ പുത്തൂരിൽ നിർമാണം പൂർത്തിയായിവരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും www.forest.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 20 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 9447979176.
ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് കോഴ്സ്
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷനാണ്’ (ഫോൺ: 9142041102) ഈ പ്രോഗ്രാമിന്റെ അംഗീകൃത പഠന കേന്ദ്രം. ഒരു വർഷമാണ് കാലാവധി. ഓൺലൈനിലോ നേരിട്ടോ നടക്കുന്ന തിയറി ക്ലാസുകൾ, നിർബന്ധിത പ്രാക്ടിക്കൽ ക്ലാസുകൾ, ക്ലിനിക്കൽ സന്ദർശനങ്ങൾ, ഇന്റേൺഷിപ് എന്നിവ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മെഡിക്കൽ റെക്കോർഡ്സ് ടെക്നിഷ്യൻ, മെഡിക്കൽ കോഡർ, മെഡിക്കൽ ബില്ലിംഗ് ടെക്നിഷ്യൻ, റവന്യൂ സൈക്കിൾ മാനേജർ, ഹെൽത്ത് ഇൻഫർമേഷൻ മാനേജർ, മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റ്, ഹെൽത്ത്’ ഡാറ്റ അനലിസ്റ്റ്, മെഡിക്കൽ ബില്ലർ, എ ആർ കോളർ, ഇ എച്ച് ആർ ആൻഡ് ഇ എം ആർ ടെക്നിഷ്യൻ എന്നിങ്ങനെയുള്ള തൊഴിലുകളിൽ പ്രാവീണ്യം ലഭിക്കും. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ ഫെബ്രുവരി 15നകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-33. ഫോൺ: 0471-2325101, 8281114464. വെബ്സൈറ്റ്: www.srccc.in. മറ്റു മാർഗങ്ങളിലൂടെ അപേക്ഷകൾ സ്വീകരിക്കില്ല.
വാക്ക്-ഇൻ ഇന്റർവ്യൂ
എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാരെ അഡ്ഹോക് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2360802.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടാലി, ഓട്ടോ കാഡ് (2ഡി, 3ഡി), പൈത്തൺ പ്രോഗ്രാമിങ്, അപ്പാരൽ ഡിസൈനിങ്, ബ്യുട്ടീഷ്യൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2490670.
ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്‌ട്രെ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ് ലേണിങ്ങിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം മൂഡിൽ ഉപയോഗിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ദിവസത്തിൽ 2 മണിക്കൂർ എന്ന രീതിയിൽ വൈകുന്നേരം 6 മുതൽ 8 വരെയാണ് പരിശീലനം. വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതിക വ്യവസായം എന്നീ മേഖലകളിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. രജിസ്രേഷൻ ഫീ 3000 രൂപ.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/206 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.
പ്രതികരിക്കാൻ ഇവിടെ എഴുതുക: