എറണാകുളം: മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു.കമ്മീഷന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം മാത്രമായിരിക്കും തുടര്‍നടപടികളെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് അറിയിച്ചു.
കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് പറഞ്ഞു. കമ്മീഷന്റെ പ്രവര്‍ത്തനം നിയമപ്രകാരം തന്നെയാണ്.എന്‍ക്വറി ആക്ട് പ്രകാരമാണ് കമ്മീഷന് രൂപീകരിച്ചിട്ടുള്ളത്.
ഈ അടുത്ത ദിവസമാണ് മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട രേഖ ലഭിച്ചത്.സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയും. തിങ്കളാഴ്ച എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ഭൂ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. കൃത്യമായ ഇടപെടല്‍ ഉണ്ടാകണം. ഫെബ്രുവരി മാസം അവസാനത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇനി ഹൈക്കോടതി തീരുമാനത്തിനു ശേഷമായിരിക്കും മറ്റ് നടപടികള്‍ ഉണ്ടാകുക.
മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സര്‍ക്കാര്‍ സത്യവാംഗ് മൂലം നല്‍കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുനമ്പത്ത് വസ്തുതാ അന്വേഷണം മാത്രമാണ് നടത്തുന്നത്.ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ല. വസ്തുത സര്‍ക്കാരിന് മുന്നില്‍ എത്തിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ വച്ചതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ് മൂലത്തില്‍ പറയുന്നു
മുനമ്പത്ത് ഭൂമി കൈവശം വച്ചവരുടെ താല്പര്യ സംരക്ഷണമാണ് കമ്മിഷന് പരിശോധാവിഷയമെന്നും കമ്മീഷന് റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ സത്യവാംഗ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: