നരേന്ദ്രമോദി മന്ത്രിസഭയിലെ ഷൈനിങ് സ്റ്റാറാണ് ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ന് രാജ്യം ഉറ്റുനോക്കാന്‍ പോകുന്നതും നിര്മലയിലേക്കുതന്നെ. അവരുടെ ഡിജിറ്റല്‍ ഡിവൈസില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന സുപ്രധാന നിര്‍ദേശങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകുമെന്ന് ഉറപ്പ്. അതാണ് മുന്‍കാല അനുഭവങ്ങളും. ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതൊരു ചരിത്രത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകും. തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന് മാറുന്ന സുവര്‍ണ മുഹൂര്‍ത്തം. 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റും ഇതില്‍ ഉള്‍പ്പെടും. ആറ് ബജറ്റ് തുടര്‍ച്ചയായി അവതരിപ്പിച്ച മൊറാര്‍ജി ദേശായിയുടെ റെക്കോഡ് കഴിഞ്ഞ തവണ നിര്‍മല മറികടന്നിരുന്നു.
കേന്ദ്രമന്ത്രിയെന്ന നിലയില്‍ നിരവധി റെക്കോഡുകള്‍ നിര്‍മലയുടെ പേരിലുണ്ട്. ഭാരതത്തിലെ ആദ്യത്തെ പൂര്‍ണ സമയ വനിതാ പ്രതിരോധ മന്ത്രിയും ധനമന്ത്രിയും എന്നതാണ് അതിലൊന്ന്. 2019 ലാണ് രാജ്യത്തെ ആദ്യ പൂര്‍ണ സമയ വനിതാ ധനമന്ത്രിയായി രാജ്യസഭാംഗമായ നിര്‍മല ചുമതലയേല്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡും നിര്‍മലയ്ക്കു തന്നെ. 2020 ഫെബ്രുവരി ഒന്നിനാണ് ആ റെക്കോഡിന്റെ പിറവി. അന്ന് രാവിലെ 11 ന് ആരംഭിച്ച ബജറ്റ് അവസാനിച്ചത് ഉച്ചയ്ക്ക് 1.40 ന്. രണ്ട് മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന ബജറ്റ് അവതരണം അങ്ങനെ ചരിത്രത്തിന്റെ ഭാഗവുമായി. ഒരേ പ്രധാനമന്ത്രിയുടെ കീഴില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ നേട്ടവും നിര്‍മലയ്ക്ക് സ്വന്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ചയായ മൂന്നാം ടേമിലെ രണ്ടാമത്തെ സമ്പൂര്‍ണ സാമ്പത്തിക ബജറ്റായിരിക്കും ഈ കേന്ദ്ര ബജറ്റ്. ഇത്തവണയും പേപ്പര്‍ രഹിത ബജറ്റ് ആയിരിക്കും.
മുന്‍ ധനമന്ത്രി മൊറാര്‍ജി ദേശായിയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. 1959 മുതല്‍ 1963 വരെയും, 1967 മുതല്‍ 1969 വരെയും അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണ് 10 ബജറ്റുകള്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചവരില്‍ രണ്ടാം സ്ഥാനത്ത് മുന്‍ ധനമന്ത്രി പി. ചിദംബരമാണ്. ഒന്‍പത് തവണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: