കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങവെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി.മുളവുകാട് പൊലീസ് സ്റ്റേഷനിലെ അനൂപാണ് പിടിയിലായിരിക്കുന്നത്. അയ്യായിരം രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാള്‍ പിടിയിലായത്.
കെട്ടിടങ്ങള്‍ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി.തുടര്‍ന്നാണ് കരാറുകാരന് വിജിലന്‍സിനെ സമീപിച്ചത്.
വിജിലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് കാക്കനാടേക്ക് വിളിച്ചുവരുത്തി. പണം കൈമാറുന്നതിനിടെ അനൂപിനെ വിജിലന്‍സ് കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. അനൂപിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: