മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി സ്കൂള്‍ പ്രിന്‍സിപ്പലിന് നേരെ കൊലവിളി നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അധ്യാപകര്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിക്ക് നേരെ വ്യാപക വിദ്വേഷ പ്രചരണമാണ് നടക്കുന്നത്. കുട്ടിക്ക് അടി കിട്ടാത്തതിന്റെ കുറവാണ് എന്നതടക്കമുളള സോഷ്യല്‍ മീഡിയാ കമന്റുകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. രോഗം അറിയാതെ, ലക്ഷണത്തിന് മരുന്നു കൊടുക്കുന്നതു പോലെയാണ് പലപ്പോഴും അടി എന്നാണ് അശ്വതി ശ്രീകാന്ത് പറയുന്നത്. അടി കിട്ടിയ എത്ര പേരാണ് നല്ലതായിട്ടുള്ളത് എന്ന് ചോദിച്ചു കൊണ്ടാണ് അശ്വതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്:
അദ്ധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ അടികൊണ്ടു വളരാത്തതിന്റെ ദോഷമാണെന്ന് കമന്റുകള്‍ കണ്ടു. കൊന്നു കളയാനുള്ള ആഹ്വാനങ്ങള്‍ കണ്ടു. അടികൊള്ളാത്തത് കൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികള്‍ വഴി തെറ്റുന്നതെന്ന്, സ്വഭാവ ദൂഷ്യം ഉണ്ടാവുന്നതെന്ന്, അനുസരണ ഇല്ലാത്തതെന്ന് ഉറപ്പിച്ചു പറയുന്ന എത്ര പേരാണ് അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ ? ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസനകള്‍ കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അവരില്‍ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നു പോയവരാണ്. അര്‍ഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള ചുറ്റുപാടുകള്‍, സമയോചിതമായ ചില തിരുത്തലുകള്‍, പ്രായോചിതമായ ഗൈഡന്‍സ് ഇതൊക്കെ കിട്ടാതെ വളരുന്ന കുട്ടികളാണ് മിക്കപ്പോഴും സമൂഹത്തിലും കുടുംബത്തിലും പ്രശ്നക്കാരാവുന്നത്. അഗ്രെസ്സീവ് ആയി പെരുമാറുന്ന കുട്ടികളെ നോക്കിയാല്‍, മിക്കവാറും അതിലേറെ അഗ്രെസ്സീവ് ആയ പേരെന്റ് ഉണ്ടാവും അവര്‍ക്ക്. അല്ലെങ്കില്‍ ആ ഇമോഷനെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു കൊടുക്കാന്‍ കഴിയാത്ത പേരെന്റ്സ്
അടി പലപ്പോഴും രോഗം അറിയാതെ ലക്ഷണത്തിന് മരുന്നു കൊടുക്കും പോലെയാണ്. ഉദാഹരണത്തിന്- നുണ പറയുന്ന കുട്ടിയെ നുണ പറഞ്ഞതിന്റെ പേരില്‍ നമ്മള് അടിക്കും. നുണയന് എന്ന് വിളിക്കും. നുണ പറയാനുണ്ടായ കാരണം ചിലപ്പോള്‍ ഭയമാവാം, അപമാനഭാരം ആവാം, ഇമ്പ്രസ്സ് ചെയ്യിച്ചു കൂടുതല്‍ സ്നേഹം നേടാനാവാം, തീരെ കുഞ്ഞു കുട്ടികളില്‍ സങ്കല്‍പ്പവും റിയാലിറ്റിയും തമ്മിലുള്ള കണ്ഫ്യൂഷന് ആവാം, ബൗണ്ടറികള്‍ എവിടെ വരെയാണെന്ന അന്വേഷണം ആവാം. പക്ഷേ അടി ഇതിനെയൊന്നും അഡ്രസ്സ് ചെയ്യുന്നില്ല. നുണ പറയരുതെന്ന നമ്മുടെ മൂല്യ ബോധം കുട്ടിക്ക് ഇല്ലാത്തതിന്റെ പേരിലാണ് ഈ അടി. അതുകൊണ്ട് തന്നെയാണ് അതിലൊരു നീതികെടുള്ളത്. ലക്ഷണങ്ങള്‍ പിന്നീട് പ്രകടിപ്പിച്ചേക്കില്ല എന്നതു കൊണ്ടും മെനക്കേട് കുറവായതു കൊണ്ടും വന്‍ പ്രചാരം വന്നു പോയ ആണ് അടി. പക്ഷേ അന്ന് പരിഗണിക്കാതെ പോയ ആ root causes പിന്നീട് പല പ്രായത്തില്‍ പല രൂപത്തില്‍ പൊങ്ങി വരുമ്പോള്‍ അനുഭവിക്കുന്നവര്‍ക്ക് പോലും കാരണം മനസ്സിലായേക്കില്ല.
എല്ലാ ക്ലാസ്സിലും അടി വാങ്ങിക്കൂട്ടിയ എത്രയോ കൂട്ടുകാരുണ്ട് ഓര്‍മ്മയില്‍. പഠന വൈകല്യമാണോ വീട്ടിലെ സാഹചര്യമാണോ മറ്റെന്തെങ്കിലും ആണോ അവരെ പ്രശ്നക്കാരാക്കിയത് എന്നറിയാന്‍ ശ്രമിച്ച അദ്ധ്യാപകരൊക്കെ വളരെ ചുരുക്കമാണ്. കാരണം ഭയമുണ്ടാക്കലാണ് മനുഷ്യനെ നിയന്ത്രിക്കാനുള്ള ഏറ്റവും എളുപ്പ വഴി. അടിയും പരിഹാസവും കൊണ്ടല്ലാതെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അവരില്‍ പലരുടെയും ജീവിതം എത്രയോ മാറിയേനെ എന്ന് ഇപ്പോള്‍ ചിന്തിക്കാറുണ്ട്. കിന്റര്‍ ഗാര്‍ഡനില്‍ നിന്ന് ഒരു കുഞ്ഞിന്റെ അമ്മയെ വിളിച്ചു ചോദിച്ചു, നിങ്ങള്‍ വീട്ടില്‍ അടിയൊന്നും കൊടുക്കാറില്ലേ എന്ന്. കുട്ടി വികൃതിയാണെന്ന്. അതായത് നാല്‍പ്പത് വയസ്സുകാരെപോലെ നാല് വയസ്സുകാരി പെരുമാറണമെന്ന് പ്രതീക്ഷിക്കുന്നതാണ് ഇപ്പോഴും ലോകം. അതിനുള്ള ഒരേയൊരു മാര്‍ഗ്ഗം അടിയും. ഒന്നോര്‍ത്താല്‍ മറ്റേതു കാലത്തേക്കാളും challenging ആണ് ഇന്നത്തെ അദ്ധ്യാപകരുടെ അവസ്ഥ. അടിക്കാനും പറ്റില്ല alternate methods നോക്കാനുള്ള അവസ്ഥയും ഇല്ല. നിങ്ങള്‍ക്ക് അങ്ങ് പറഞ്ഞാ മതി, ഇപ്പോഴത്തെ പിള്ളേരെ മേയ്ക്കാന്‍ ഒട്ടും എളുപ്പമല്ലെന്ന് പറയുന്ന ഒരുപാട് ടീച്ചേഴ്സിനെ കാണാറുമുണ്ട്.
മാറ്റങ്ങള്‍ വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. ഉള്ളത് പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് അവര്‍ ഡിസേര്‍വ് ചെയ്യുന്ന സമയം കൊടുക്കാന്‍ മിക്കപ്പോഴും നമുക്ക് പറ്റാറില്ല. എല്ലാ തിരക്കും കഴിഞ്ഞു മിച്ചമുള്ള സമയത്ത് ചെയ്യുന്ന പ്രോസസ്സ് ആണ് പലര്‍ക്കും പേരെന്റിങ്. ആ കുറ്റബോധം മറികടക്കാന്‍ നമ്മള് കുട്ടികള്‍ പറയുന്നതൊക്കെ ഉടനടി വാങ്ങി കൊടുക്കും നിയന്ത്രണമില്ലാതെ സ്ക്രീന്‍ ടൈം കൊടുക്കും, പറയേണ്ട NO പലതും പറയാതിരിക്കും. കണക്കില്ലാതെ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കും. ബൗണ്ടറികള്‍ സെറ്റ് ചെയ്യാതിരിക്കും. കുട്ടികള്‍ ആവട്ടെ ആ അവസരങ്ങളെ കൃത്യമായി ഉപയോഗിക്കും. അത് കുറ്റമല്ല, ബുദ്ധി ഉള്ളതിന്റെ ലക്ഷണമാണ്. കൈവിട്ടു പോയെന്നു തോന്നുമ്പോള്‍ മര്യാദ പഠിപ്പിക്കാന്‍ ചെന്നാല്‍ പോയി പണിനോക്കെന്ന് പറയും കുട്ടികള്‍. ഇതിനിടയില്‍ പെട്ട് പോകുന്നവരാണ് സത്യത്തില്‍ അധ്യാപകര്‍.
പേരെന്റ്റിംഗ് ഭാരിച്ച ഉത്തരവാദിത്തം ഉള്ള ജോലിയാണ്. അത് അടിച്ചൊതുക്കി നിയന്ത്രിക്കല്‍ അല്ല, പോയ വഴി തെളിക്കലുമല്ല. ഒരു എളുപ്പപ്പണിയും അതില്‍ വര്‍ക്ക് ആവില്ല. ഭക്ഷണവും വസ്ത്രവും വിദ്യാഭാസവും കൊടുക്കുന്നതിലും അത് തീരുന്നില്ല. ആദ്യം പറഞ്ഞത് പോലെ അര്‍ഹിക്കുന്ന ശ്രദ്ധ, സ്നേഹം, വൈകാരിക സുരക്ഷിതത്വമുള്ള, സന്തോഷമുള്ള ചുറ്റുപാടുകള്‍, സമയോചിതമായ ചില തിരുത്തലുകള്‍, പ്രായോചിതമായ ഗൈഡന്‍സ്, കൃത്യമായ ബൗണ്ടറികള്‍ ഒക്കെയും ഉറപ്പു വരുത്തല്‍ കൂടിയാണ് പേരെന്റ്റിംഗ്. മറ്റൊന്ന്, പഴയ തലമുറയിലെ പേരെന്റ്റിംഗ് രീതികള്‍ ഇന്നത്തെ ലോകത്തേയ്ക്ക് ജനിച്ചു വീഴുന്ന കുട്ടികളോട് നടക്കില്ല എന്നതാണ്. ജനിപ്പിച്ചതിന്റെയും ചിലവിന് കൊടുത്തതിന്റെയും കണക്കൊന്നും അവിടെ ചിലവാകില്ല. കൂട്ടുകാരില്‍ ഒരാള്‍ക്ക് അടികിട്ടിയ കാര്യം പറഞ്ഞ മകളോട് ‘കണ്ടോ, ഞാന്‍ നിന്നെ അടിച്ചിട്ടേ ഇല്ലല്ലോ’ എന്ന് ഞാനൊന്ന് അഭിമാനിക്കാന്‍ നോക്കി. അമ്മാ, അല്ലെങ്കിലും ആര്‍ക്കും ആരെയും physically harm ചെയ്യാനുള്ള right ഇല്ല, thats injustice എന്ന് ഉടനെ മറുപടി വന്നു.
ലോകം മാറുന്നതിനു അനുസരിച്ച് പേരെന്റ്റിംഗ് രീതികളിലും മാറ്റം വരണ്ടേ? അടിയും അപമാനവും ഏറ്റ് സ്ട്രോങ്ങ് ആവാത്തത് കൊണ്ടല്ല കുട്ടികള്‍ കയറെടുക്കുന്നത്, അവര്‍ക്ക് emotional safe spaces കൊടുക്കാന്‍ നമുക്ക് കഴിയാത്തത് കൊണ്ടാണ്. പണ്ട് സ്കൂളില്‍ നടന്ന കാര്യങ്ങള്‍ വീട്ടില്‍ വന്നു പറയുമ്പോള്‍ നമ്മുടെ അച്ഛനും അമ്മയും ഫോണില്‍ നിന്ന് മുഖമുയര്‍ത്താതെയല്ല അത് കേട്ടതെന്ന് നമ്മളും ഓര്‍ക്കണം. അടി വേണ്ട എന്ന് പറഞ്ഞാല്‍ discipline വേണ്ടന്നോ, കാര്യങ്ങള്‍ കുട്ടികളുടെ ഇഷ്ടത്തിന് മാത്രം വിട്ട് കൊടുക്കണം എന്നോ അല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ. തെറ്റുകള്‍ക്ക് നാച്ചുറല്‍ ആയതും ലോജിക്കല്‍ ആയതുമായ ചില പരിണിത ഫലങ്ങള്‍ അനുഭവിച്ച് തന്നെ അവര്‍ വളരട്ടെ. അതില്‍ അധ്യാപകരുടെയും പേരെന്റ്സിന്റെയും ചേര്‍ന്നുള്ള efforts ആവശ്യം തന്നെയാണ്. അടിയോടൊക്കുമോ അണ്ണന് തമ്പി എന്ന് തന്നെയാണ് ഇപ്പോഴും തോന്നലെങ്കില്‍ വിട്ടേരെ, ഇത് നിങ്ങള്‍ക്കുള്ളതല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: