ന്യൂഡല്‍ഹി : ലോകാരോഗ്യ സംഘടനയില്‍നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ആഗോളതലത്തില്‍ ആരോഗ്യമേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ആശങ്ക. പ്രത്യേകിച്ച് അംഗരാജ്യങ്ങളിലെ എയ്ഡ്സ് , ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പിന്മാറ്റം സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചതോടെ 12 മാസത്തിനുള്ളില്‍ അതു പ്രാബല്യത്തിലാകും. ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കന്‍ സാമ്പത്തിക സഹായവും അതോടെ നിലയ്ക്കും. 2022 23 ല്‍ 128 കോടി ഡോളറാണ് അമേരിക്ക ലോക ആരോഗ്യ സംഘടനയ്ക്ക് സംഭാവന നല്‍കിയത്. സംഘടനയുടെ വരുമാനത്തിന്റെ 18% മാണിത് . എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ക്ക് ഉള്ള ഫണ്ടിംഗില്‍ 75% വരെ ധനസഹായം അമേരിക്കയാണ് നല്‍കിയിരുന്നത്. ക്ഷരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കാകട്ടെ 50 ശതമാനവും. മുന്‍ ഭരണകാലത്തും ട്രംപ് ഇത്തരം പിന്മാറ്റം നടത്തിയിരുന്നു. പിന്നീട് ജോ ബൈഡന് അതു പുനഃസ്ഥാപിക്കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ലോകരാജ്യങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ സാങ്കേതിക, ഗവേഷണ സഹായം നല്കുന്ന സമിതിയാണ്. 194 അംഗങ്ങളുണ്ട്.
അമേരിക്കയുടെ പിന്മാറ്റം മറ്റ് രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മാറിയ ലോക ക്രമത്തില്‍ സാംക്രമികരോഗങ്ങള്‍ ഒരു രാജ്യത്തു മാത്രമായി ഒതുങ്ങുന്നവയല്ല എന്നതിനാല്‍ ഇത് അമേരിക്കയ്ക്ക് തന്നെ ഭാവിയില്‍ ദോഷകരമായി ബാധിക്കുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: