പത്തനംതിട്ട:നേതാക്കളുടെ മക്കള്‍ യുവജന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ അധ്യക്ഷന്‍ വിജയ് ഇന്ദുചൂഡന്.പത്തനംതിട്ട ജില്ലാ നേതൃയോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകന്റെ സാന്നിധ്യത്തിലാണ് വിജയ് ഇന്ദുചൂഡന് വിമര്‍ശനം ഉന്നയിച്ചത്.അടിയും അറസ്റ്റും കേസും കോടതിയുമായി എത്ര നേതാക്കളുടെ മക്കള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു.
നേതാക്കളില്‍ എത്രപേരുടെ മക്കള്‍ യുവജന പ്രസ്ഥാനങ്ങളില്‍ സജീവമാണെന്നും സഹകരണ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ വരുമ്പോള്‍ പാര്‍ട്ടിയിലുള്ള എത്ര യുവാക്കളെ പരിഗണിക്കുന്നുണ്ടെന്നും വിജയ് ഇന്ദുചൂഡന് ചോദിച്ചു.കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി അറിവഴകന് പുറമെ കെ പി സി സി സെക്രട്ടറി അഡ്വ. പഴകുളം മധു, ഡി സി സി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ തുടങ്ങി നിരവധി നേതാക്കളെ വേദിയിലിരുത്തിയാണ് വിമര്‍ശനം.സാമൂഹ്യ മാധ്യമത്തില്‍ വിജയ് ഇന്ദുചൂഡന്റെ പ്രസംഗം വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. നിരവധി കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ച് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ടയിലെ അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആര് ഇന്ദുചൂഡന്റെ മകനാണ് വിജയ് ഇന്ദുചൂഡന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: