വാഷിങ്ടണ്‍: ഭാരതത്തിന്റെ ശക്തിയും ആത്മബന്ധവും വ്യക്തമാക്കുന്നതും നയതന്ത്രബന്ധം കൂടുതല്‍ ദൃഢമാകുമെന്ന പ്രതീക്ഷ ഉയര്‍ത്തുന്നതുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണം. ട്രംപിന്റെ സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് മുന്‍നിരയില്‍ ലഭിച്ച ഇരിപ്പിടം ഇതിനുദാഹരണമാണ്.
ക്യാപിറ്റോള്‍ റൊട്ടുണ്ടയില്‍ നടന്ന ചടങ്ങില്‍ ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നൊബോവയ്ക്കൊപ്പം മുന്‍നിരയിലായിരുന്നു ജയശങ്കര്‍ ഇരുന്നത്. ഭാരതത്തിന്റെ പ്രത്യേക പ്രതിനിധിയായി എത്തിയ ഡോ. ജയശങ്കറിന് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം ഒരുക്കിയത് ഔദ്യോഗിക പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിയായിരുന്നു.
ജയശങ്കര്‍ മുന്‍നിരയില്‍ ഇരുന്നപ്പോള്‍ ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായക്ക് രണ്ടുവരി പിറകിലായിരുന്നു സ്ഥാനം ലഭിച്ചത്. 47-ാമത് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപിനായി നരേന്ദ്ര മോദി കൊടുത്തുവിട്ട കത്ത് ജയശങ്കര്‍ കൈമാറി. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് സവിശേഷമായി കരുതുന്നുവെന്നും എസ്. ജയശങ്കര്‍ എക്സില്‍ കുറിച്ചു.
വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാരത വിദേശകാര്യ മന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രി മോദിയുടെ പ്രത്യേക ദൂതനായും പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചത് വലിയൊരു അംഗീകാരമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: