വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ജനുവരി 18ന് ഇന്ത്യൻ വംശജനായ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ ഒരു കെട്ടിടത്തിന് പുറത്ത് കൊയ്യാട രവി തേജ എന്ന 26 വയസ്സുള്ള ഇന്ത്യൻ പൗരനാണ് വെടിയേറ്റ് മരിച്ചത്. രവി തേജ ഭക്ഷണശാലയിൽ ഓർഡർ നൽകാൻ പോയിരുന്നു. ഇതിനിടയിലാണ് മോഷ്ടാക്കളുടെ വെടിയേൽക്കുന്നത്. രണ്ട് വെടിയുണ്ടകൾ ഏറ്റതിനെ തുടർന്ന് അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഹൈദരാബാദ് നഗരത്തിൽ നിന്നുള്ള രവി, കണക്റ്റിക്കട്ടിലെ സേക്രഡ് ഹാർട്ട് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരുന്നു. ജോലിയിൽ പ്രവേശിക്കാനും വിവാഹം കഴിക്കാനും മാതാപിതാക്കളെ ഈ വർഷം അമേരിക്കയിലേക്ക് മാറ്റാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
യുവാവിന്റെ അമ്മ സുവർണ്ണ വീട്ടമ്മയും അച്ഛൻ ചന്ദ്രമൗലി ഒരു ക്യാബ് ഡ്രൈവറുമാണെന്നാണ് വിവരം. തേജയുടെ സഹോദരി ശ്രിയ അടുത്തിടെ അമേരിക്കയിൽ നിന്ന് ബിരുദം നേടിയിരുന്നു.
അതേ സമയം അക്രമികളെ കണ്ടെത്താൻ അന്വേഷണ നടപടികൾ സ്വീകരിച്ചതായി പൊലീസുദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ചിക്കാഗോയ്ക്ക് സമീപമുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ സായ് തേജ നുകരാപു എന്ന മറ്റൊരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: