പൂർബ ബർദ്ധമാൻ (കൊൽക്കത്ത): വംഗനാട്ടിലെ ജനപഥങ്ങളിൽ മറ്റൊരു ‘ആനന്ദബോസ് സ്പർശം’ കൂടി. ‘ഫയലിൽ നിന്ന് വയലിലേക്ക്’ പരിപാടി’യിലൂടെ കേരളത്തിൽ സർക്കാരിനെ ജനങ്ങളിലേക്ക് ചലിപ്പിച്ച ജനകീയ കളക്ടർ സി.വി ആനന്ദബോസ് ബംഗാളിൽ ‘അമർഗ്രാം’ ദൗത്യവുമായി രാജ്ഭവനിൽ നിന്ന് ഗോത്രസമൂഹത്തിലേക്കിറങ്ങി.
സുന്ദർബൻ മേഖലയിലെ ബാങ്ക്ര ഗ്രാമത്തിൽ നിന്നാരംഭിച്ച ദൗത്യം കഴിഞ്ഞദിവസം പൂർബ ബർദ്ധമാനിലെ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശത്തേക്ക് നീണ്ടപ്പോൾ മന്ത്രിമാരെപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത വനവാസികൾക്ക് വിസ്മയവും പുത്തൻ ഉണർവും. ആനന്ദബോസ് ബംഗാളിൽ ഗവർണറായി ചുമതലയേറ്റപ്പോൾ തുടങ്ങിവെച്ച ‘ജൻരാജ്ഭവൻ’ സംരംഭത്തിന്റെ രണ്ടാം എഡിഷനാണ് മൂന്നാം വർഷത്തിന്റെ തുടക്കത്തിൽ രൂപം നൽകിയ ‘അമർഗ്രാം’
സമ്പന്നമായ സാംസ്കാരിക പാരമ്പര്യംനിറഞ്ഞു തുളുമ്പുന്ന ‘സാന്താലി’ നൃത്തപ്രകടനവുമായാണ് ഗോത്രസമൂഹം ഗവർണറെ വരവേറ്റത്. പ്രോട്ടോക്കോൾ ചട്ടവട്ടങ്ങൾ ഒഴിവാക്കി ഗ്രാമത്തിലൂടെ നടന്ന ഗവർണർ സമൂഹത്തിന്റെ ദൈനംദിന ജീവിതം നിരീക്ഷിച്ചു. ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ എല്ലാവരുടെയും പ്രശ്നങ്ങൾ കേട്ടു. ഗോത്ര കുടുംബങ്ങൾക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.
ഗവർണർ ചെയർമാനായ ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്ററിന്റെ (EZCC) നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികൾ തദ്ദേശീയ പ്രതിഭകളെ ആദരിക്കുന്നതിനും അതുല്യമായ കലാപാരമ്പര്യം ആഘോഷിക്കുന്നതിനും അവസരമൊരുക്കി. ഗവർണർ അധ്യക്ഷനായ റെഡ് ക്രോസ് സൊസൈറ്റി തദ്ദേശീയർക്ക് അവശ്യവസ്തുക്കൾ വിതരണം ചെയ്തു. അവരുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ട ഗോത്രസമൂഹത്തിൽ ആഴത്തിലുള്ള ബന്ധങ്ങൾ വളർത്തുന്നതിനും സദ്ഭാവന ഉണർത്തുന്നതിനും പ്രാദേശിക സമൂഹങ്ങളും ഭരണകൂടവും തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ‘അമർ ഗ്രാം’ പരിപാടിയെന്ന് ബംഗാളിലെ മാധ്യമങ്ങളും സാമൂഹിക നിരീക്ഷകരും ഒരുപോലെ അഭിപ്രായപ്പെട്ടു.
‘ജൻരാജ്ഭവ’ന്റെ ഭാഗമായി ഗവർണർ പദവിയുടെ ഒന്നാം വാർഷികത്തിൽ തുടക്കം കുറിച്ച ‘ആംനെ സാംനെ’ സംരംഭത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ ഗ്രാമസമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു “അമർ ഗ്രാം ആക്റ്റിവിറ്റീസ് മോണിറ്ററിംഗ് സെൽ” സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: