ന്യൂദല്‍ഹി : പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന് പറഞ്ഞു.
അതേ സമയം വയനാട് ഡിസിസി ട്രഷറര്‍ വിജയന് ജീവനൊടുക്കിയ സംഭവത്തില്‍ അവരുടെ ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെ കെ സുധാകരന് ന്യായീകരിച്ചു. അതുപിന്നെ ഞങ്ങളല്ലേ ഏറ്റെടുക്കേണ്ടതെന്നായിരുന്നു പ്രതികരണം.
കേസില്‍ ഐസി ബാലകൃഷ്ണന് അടക്കം വയനാട്ടിലെ നേതാക്കള്‍ ഒളിവില്‍ പോയതിനെയും കെ സുധാകരന് ന്യായീകരിച്ചു. അറസ്റ്റ് വാറണ്ട് ഉള്ളയാള്‍ ഒളിവില്‍ പോകുന്നത് സ്വാഭാവികം. ജാമ്യം കിട്ടുന്നത് വരെ അയാള്‍ മാറി താമസിച്ചേക്കാമെന്നും കെ സുധാകരന് പറഞ്ഞു.
ഇതിനു പുറമെ നിലമ്പൂരിലെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. നിലമ്പൂരിലേത് അസ്വാഭാവികമായ സാഹചര്യമയതിനാല്‍ തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ടു തന്നെ അതനുസരിച്ച് മുന്നോട്ടുപോകുമെന്നും കെ സുധാകരന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: