തിരുവനന്തപുരം: ലിവിങ് ടുഗദറിന്റെ അര്‍ത്ഥം മനസ്സിലാക്കാതെയാണ് പല സ്ത്രീകളും അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് ചില പരാതികളില്‍ നിന്ന് വ്യക്തമാകുന്നതായി വനിതാ കമ്മിഷന്. സാധാരണ വിവാഹബന്ധം വേര്‍പിരിയുന്ന പോലെയാണ് ലിവിങ് ടുഗതര്‍ ബന്ധങ്ങളെയും സ്ത്രീകള്‍ കാണുന്നത്. എന്നാല്‍ നിയമത്തെക്കുറിച്ച് പുരുഷന്മാര് ബോധവാന്മാരുമാണ്. ഇത് സംബന്ധിച്ച അവബോധം സ്ത്രീകള്‍ക്ക് നല്‍കേണ്ടതായുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പരാതിയും കൂടുതലായി കണ്ടുവരുന്നു. വെറും വിശ്വാസത്തിന്റെ പേരില്‍ ഈടോ തെളിവുകളോ ഇല്ലാതെയാണ് പണം നല്‍കുന്നത്. ഈ പണം തിരികെ കിട്ടാതെ ആകുന്നതോടെ പരാതിയും കേസുമാവും. എന്നാല്‍ തെളിവും ഈടും ഒന്നുമില്ലാത്തതിനാല്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കുക എളുപ്പമല്ലെന്നും ചെയര്‍പേഴ്സണ്‍ പി. സതീദേവി ചൂണ്ടിക്കാട്ടി.
നിയമപരമായ അവകാശത്തിനായി ഭാര്യ പരാതിപ്പെടുമ്പോള്‍ ആ നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകുന്ന ഭര്‍ത്താക്കന്മാരുമുള്ളതായി കണ്ടുവരുന്നു. തിരുവനന്തപുരം ജില്ലയില്‍ പരിഗണിച്ച 300 പരാതികളില്‍ 64 എണ്ണം പരിഹരിച്ചു. 18 പരാതികളില്‍ റിപ്പോര്‍ട്ട് തേടി. ആറ് പരാതികള്‍ കൗണ്‍സിലിംഗിന് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: