തൃശ്ശൂര്‍: സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ എ ഗ്രേഡ് നേടിയ മിടുക്കി നയന മണികണ്ഠന് ഇനി സ്വന്തമായി ഒരു വീടാകും. ടാര്‍പോളിന്‍ കൊണ്ട് മേഞ്ഞ വീട്ടില്‍ നിന്നാണ് ഈ കൊച്ചു മിടുക്കി സ്വന്തം പ്രതിഭ കൊണ്ട് സംസ്ഥാന തലത്തിലുള്ള നേട്ടം സ്വന്തമാക്കിയത്.
നയനയുടെ അവസ്ഥ നേരിട്ടറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് വീട് നിര്‍മിച്ചു നല്‍കാമെന്ന് വാക്ക് നല്‍കിയത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍ വീട്ടിലെത്തി നയനയേയും അമ്മ പ്രീതിയേയും ഈ വിവരം അറിയിച്ചു.
നന്തിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നയന മണികണ്ഠന്. ഇരിങ്ങാലക്കുട ആനന്ദപുരം അരീക്കരയില്‍ പരേതനായ മണികണ്ഠന്റെയും പ്രീതിയുടെയും മകള്‍. ഉദരരോഗം ബാധിച്ച് നാലുവര്‍ഷം മുന്‍പാണ് മണികണ്ഠന് മരിച്ചത്. അമ്മ പ്രീതിയുടെ തയ്യല്‍ മാത്രമാണ് വീട്ടിലെ ഏക വരുമാനമാര്‍ഗ്ഗം. അമ്മൂമ്മ, അനുജത്തി എന്നിവരും വീട്ടിലുണ്ട്.
സമീപത്തെ ക്ഷേത്രഭാരവാഹികള്‍ പിരിച്ചു നല്കിയ ആയിരം രൂപ കൊണ്ടാണ് നയന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. നയനയുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് സുരേഷ് ഗോപി വിവരം തിരക്കിയതും വീട് നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പുനല്‍കിയതും. സ്വന്തമായ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് നയനയും കുടുംബവും ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: