ന്യൂദെൽഹി:ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത നേതാവാണ് അരവിന്ദ് കെജ്രിവാളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആരോപിച്ചു. നുണകളുടെ പര്യായമാണ് അദ്ദേഹം. അധികാരത്തിലെത്തുന്നതിന് മുമ്പ് സർക്കാർ വാഹനങ്ങളോ ബംഗ്ലാവോ സുരക്ഷയോ സ്വീകരിക്കില്ലെന്ന് അദ്ദേഹം സത്യം ചെയ്തിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എല്ലാ സ്ത്രീകൾക്കും മാസം തോറും ആയിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ആർക്കും അത് ലഭിച്ചില്ല. ഒരു വർഷത്തിനുള്ളിൽ താൻ യമുന നദി വൃത്തിയാക്കുമെന്നും തന്റെ കാബിനറ്റിനൊപ്പം മുങ്ങിക്കുളിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതൊന്നും നടന്നില്ല. അരവിന്ദ് കെജ്രിവാളിന്റെ പേരിൻ്റ അർത്ഥം തന്നെ നുണയെന്നാണ്. വീരേന്ദ്ര സച്ച്ദേവ് ചൂണ്ടിക്കാട്ടി.
പൂർവ്വാഞ്ചലിലെ വോട്ടർമാരെ വ്യാജരെന്ന് വിളിച്ചു – മനോജ് തിവാരി
പൂർവ്വാഞ്ചലിലെ ജനങ്ങളെ വ്യാജ വോട്ടർമാർ എന്ന് വിളിച്ച അരവിന്ദ് കെജ്രിവാൾ കിഴക്കൻ ഉത്തർ പ്രദേശിലെയും ബിഹാറിലെയും ഝാർഖണ്ഡിലെയും ജനങ്ങളെ അപമാനിക്കുകയാണ് ചെയ്തതെന്ന് മനോജ് തിവാരി എം.പി പറഞ്ഞു. യുപി, ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വോട്ടർമാരെ വ്യാജരെന്ന് വിളിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു. ഇതിന് പൂർവ്വാഞ്ചലിലെ ജനങ്ങൾ ഫിബ്രുവരി 5 ന് പ്രതികാരം ചെയ്യും. അദ്ദേഹം പറഞ്ഞു.
ദെൽഹിയിലെ പൂർവ്വാഞ്ചലി സമൂഹത്തോട് എഎപി സർക്കാർ കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂർവ്വാഞ്ചലി സമൂഹം താമസിക്കുന്ന പ്രദേശങ്ങളിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങൾ ദീർഘകാലമായി അധികാരത്തിലിരുന്നിട്ടും പരിഹരിക്കാൻ തയ്യാറാകുന്നില്ല. കൊവിഡ് കാലത്ത് ഈ സമൂഹത്തോട് ബിഹാറിലേക്കും യുപിയിലേക്കും തിരിച്ചു പോകാനാണ് അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: