ന്യൂദെൽഹി:അതീവ സുരക്ഷ മേഖലയായ ഭോപ്പാൽ സെൻട്രൽ ജയിലിലിനുള്ളിൽ ചൈന നിർമ്മിത ഡ്രോൺ കണ്ടെത്തി. നിരോധിത സംഘടനയായ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യയുടെ (സിമി) പ്രവർത്തകരായ 32 പേരടക്കം 69 തടവുകാർ അതീവ സുരക്ഷ വിഭാഗത്തിൽ തടവിൽ കഴിയുന്ന ജയിലാണ് ഭോപ്പാൽ സെൻട്രൽ ജയിൽ.
ഡ്രോൺ എങ്ങനെയാണ് ജയിൽ വളപ്പിൽ എത്തിയെന്നതിന് ആരും ദൃക്സാക്ഷികളില്ലെന്ന് ജയിൽ സൂപ്രണ്ട് രാകേഷ് കുമാർ ബാംഗ്രെ പറഞ്ഞു. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30 നും 4 മണിക്കും ഇടയിൽ
ജയിലിനുളളിലെ ബി – ബ്ലോക്ക് കെട്ടിടത്തിന് സമീപം ഒരു ഗാർഡാണ് 40 ഗ്രാമോളം തൂക്കമുള്ള ബ്ലാക്ക് ഡ്രോൺ കണ്ടെത്തിയത്. ജയിൽ വളപ്പിൽ ഡ്രോൺ ഇറങ്ങുന്നത് ആരും കണ്ടില്ല. ജയിലിന് സമീപം കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ താകാമെന്നും ജയിൽ സൂപ്രണ്ട് സംശയം പ്രകടിപ്പിച്ചു.
150 ഏക്കറിൽ വ്യപിച്ചു കിടക്കുന്ന ഭോപ്പാൽ സെൻട്രൽ ജയിലിൽ 3600 തടവുകാരാണ് നിലവിലുള്ളത്. എന്നാൽ ഈ ജയിലിന്റെ ശേഷി 2600 മാത്രമാണ്.
ജയിലധികൃതർ ഡ്രോൺ ഗാന്ധിനഗർ പൊലിസിന് കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഗൗരവമായ അന്വേഷണം നടക്കുകയാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു.
2016 നവംബറിൽ എട്ട് സിമി തടവുകാർ ഒരു ജയിൽ ഗാർഡിനെ വധിച്ച ശേഷം തടവ് ചാടി രക്ഷപ്പെട്ടതിനെ തുടർന്ന് ഭോപ്പാൽ സെൻട്രൽ ജയിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് വെച്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനെ തുടർന്ന് പൊലീസിന്റെ വെടിയേറ്റ് ഇവർ കൊല്ലപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: